റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയില്‍ എ.കെ-47 തോക്കുകള്‍ സഹിതം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോട്ട് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി

August 19, 2022 - 9:07 am

മുംബൈ: മഹാരാഷ്ട്ര തീരത്ത് യന്ത്രത്തോക്കുകള്‍ സഹിതം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോട്ട് കണ്ടെത്തിയതു പരിഭ്രാന്തി പരത്തി. മുംബൈയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെ, റായ്ഗഡിലെ ഹരിഹരേശ്വര്‍ ബീച്ചിലാണ് ഭാഗികമായി തകര്‍ന്ന ബോട്ട് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്.ബോട്ടില്‍ മൂന്ന് എ.കെ-47 തോക്കുകള്‍, വെടിയുണ്ടകള്‍, 10 പെട്ടികളിലായി സ്ഫോടകവസ്തുക്കള്‍, ചില രേഖകള്‍ എന്നിവയുണ്ടായിരുന്നു. എന്നാല്‍, സംഭവത്തില്‍ പ്രഥമദൃഷ്ട്യാ ഭീകരബന്ധമില്ലെന്ന് ആഭ്യന്തരവകുപ്പ്‌ കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നിയമസഭയില്‍ വ്യക്തമാക്കി.

ഓസ്ട്രേലിയന്‍ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ബോട്ട് ഓമാനിലെ മസ്‌ക്കറ്റില്‍ നിന്ന് യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ യന്ത്രത്തകരാറിനേത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നെന്നു ഫട്നാവിസ് പറഞ്ഞു. ”മൈ ലേഡി ഹാന്‍” എന്ന പേരില്‍, 16 മീറ്റര്‍ നീളവും നാല് മീറ്റര്‍ വീതിയുമുള്ള ബോട്ട് ഓസ്ട്രേലിയക്കാരിയായ ഹനാ ലോണ്ടര്‍ഗണിന്റെ ഉടമസ്ഥതയിലുള്ളതാണ്. അവരുടെ ഭര്‍ത്താവ് ജെയിംസ് ഹാര്‍ബര്‍ട്ടാണു ബ്രിട്ടീഷ് രജിസ്ട്രേഷനുള്ള ബോട്ടിന്റെ ക്യാപ്റ്റന്‍. മസ്‌ക്കറ്റില്‍നിന്നു ജൂണ്‍ 26-നു പുറപ്പെട്ട ബോട്ട് കടല്‍ക്ഷോഭത്തില്‍പ്പെട്ടതോടെ ക്യാപ്റ്റന്‍ അപായസൂചന നല്‍കി. തുടര്‍ന്ന്, ബോട്ട് ഉടമകളെയും ജീവനക്കാരെയും മറ്റ് കപ്പലുകള്‍ രക്ഷപ്പെടുത്തി ഒമാന്‍ അധികൃതര്‍ക്കു കൈമാറി. ഭാഗികമായി തകര്‍ന്ന ബോട്ട് പിന്നീട് മഹാരാഷ്ട്ര തീരത്തടുക്കുകയായിരുന്നു.

പ്രാഥമികാന്വേഷണത്തില്‍ ഭീകരബന്ധം കണ്ടെത്താനായിട്ടില്ലെങ്കിലും ബോട്ടില്‍ എന്തിന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും സൂക്ഷിച്ചെന്നതു സംബന്ധിച്ച് ദുരൂഹത തുടരുന്നു. ഇക്കാര്യത്തില്‍ ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്നു ഫട്നാവിസ് പറഞ്ഞു. പ്രാഥമികമായി ലഭിച്ച വിവരങ്ങളാണു പങ്കുവച്ചത്. പോലീസും ഭീകരവിരുദ്ധ സ്‌ക്വാഡും സംഭവം അന്വേഷിച്ചുവരുന്നു. കേന്ദ്ര ഏജന്‍സികളുമായി സംസ്ഥാനസര്‍ക്കാര്‍ ബന്ധപ്പെട്ടിരുന്നു. പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബോട്ടിനു സുരക്ഷ നല്‍കിയിരുന്ന സ്വകാര്യ രാജ്യാന്തര ഏജന്‍സിയായ പി.2.പി. ഗ്രൂപ്പ് ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെട്ടതായി സൂചനയുണ്ട്. സംഭവത്തേത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അതീവജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.

ദേശീയ അന്വേഷണ ഏജന്‍സി അധികൃതരും സ്ഥലത്തെത്തി. സ്വാതന്ത്ര്യദിനാഘോഷത്തിനു തൊട്ടുപിന്നാലെയുണ്ടായ ഈ സുരക്ഷാവീഴ്ച സംബന്ധിച്ച് പ്രത്യേകാന്വേഷണം വേണമെന്നു റായ്ഗഡ് എം.എല്‍.എയും എന്‍.സി.പി. നേതാവുമായ അദിതി താക്കറെ നിയമസഭയില്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *