റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കർഷകവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പി.പ്രസാദ് കൃഷി മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് കത്തോലിക്ക കോൺഗ്രസ്

August 17, 2022 - 8:08 pm

കട്ടപ്പന: കൃഷിവകുപ്പ് മന്ത്രി പി പ്രസാദിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത. ഇടുക്കി ജില്ലയെ മുഴുവൻ വനവൽക്കരിക്കുക എന്ന ഗൂഢ ലക്ഷ്യത്തോടുകൂടെ ജില്ലയിലെ ദേശീയ ഉദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റും 10 കിലോമീറ്റർ ബഫർസോൺ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2017 ഗ്രീൻ ട്രിബ്യൂണലിന് പരാതി നൽകുകയും കർഷകരും കർഷക സംഘടനകളും ആശങ്കകൾ അറിയിച്ചിട്ടും പരാതിയിൽ ഉറച്ചു നിൽക്കുകയും ചെയത് കർഷകവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പി.പ്രസാദ് കൃഷി മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലന്നും ഇടുക്കി രൂപത വക്താക്കൾ പറഞ്ഞു.

കർഷകക്കൊപ്പമാണ് ഇടതുപക്ഷ സർക്കാർ എന്ന് നാഴികയ്ക്ക് നാല്പതു വട്ടം ആവർത്തിക്കുന്ന മുഖ്യമന്ത്രിയും ജില്ലയിൽ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിനും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും രൂപതാ സമിതി ആവശ്യപ്പെട്ടു. ബഫർസോൺ കരിനിമത്തിനെതിരെയും, കൃഷിവകുപ്പ് മന്ത്രിയുടെ കർഷകവിരുദ്ധ പരാതിയിലും പ്രതിഷേധിച്ചുകൊണ്ട് കർഷക ദിനം കർഷക വഞ്ചനാ ദിനമായി ഇടുക്കി രൂപതയിൽ ആചരിക്കുന്നതിൻ്റെ ഭാഗമായി കട്ടപ്പനയിൽ നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് ധർണ്ണയിലാണ് കത്തോലിക്കാ കോൺഗ്രസ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചത് .

സുപ്രീം കോടതി വിധിയിലൂടെ ബഫർസോൺ നിലവിൽ വന്നിരിക്കുകയും ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ നേടാനുള്ള സംസ്ഥാന സർക്കാരിനുള്ള അവസരം 2022 സെപ്റ്റംബർ മൂന്നാം തീയതി അവസാനിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ അടിയന്തര സാഹചര്യത്തിലും കർഷകർ ആശങ്കപ്പെടേണ്ട എന്ന പതിവ് പല്ലവി ആവർത്തിച്ച് മെല്ലെ പോക്ക് നയമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വനവിസ്തൃതി ഏറെയുള്ള കേരളത്തിൽ ബഫർസോൺ ആവശ്യമില്ല എന്നത് വിവിധ കമ്മീഷനുകൾ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ഇത് സർക്കാർ പരിഗണിക്കണമെന്ന് സമതിതി ആവശ്യപ്പെട്ടു.

ബഫർ സോൺ പഠനങ്ങൾക്ക് വേണ്ടി നടത്തുന്ന ഏരിയൽ മാപ്പിംഗ് പൂർണമായി ഒഴിവാക്കുകയും, വിവരശേഖരണം നടത്തുന്നതിന് പ്രദേശവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യണം. സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് ബഫർസോണിൽ ഇളവുകൾ നേടാനുള്ള സമയപരിധി അതിക്രമിക്കുന്നതിനാൽ വിശദമായ പഠനവും വിവരശേഖരണവും മാപ്പിങ്ങും നടത്തി യഥാർത്ഥ വസ്തുത കോടതിയെ അറിയിക്കുന്നതിന് കൂടുതൽ സമയം നേടിയെടുക്കണം, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കത്തോലിക്കാ കോൺഗ്രസ് കർഷക ദിനത്തിൽ പോസ്റ്റ് ഓഫീസ് ധർണാസമരം നടത്തിയത് .

കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമരം കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത ഡയറക്ടർ ഫാദർ ഫ്രാൻസിസ് ഇടവകണ്ടം ഉദ്ഘാടനം ചെയ്തു രൂപത പ്രസിഡൻറ് ജോർജ് കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ഫാദർ തോമസ് തൈച്ചേരി, ഫാദർ ജോസ് കുന്നുംപുറം, വി ടി തോമസ്, ജോസ് തോമസ് ഒഴുകയിൽ , ടി ജെ ജേക്കബ് തൊടുകയിൽ, ഷാജി പുരയിടത്തിൽ, എന്നിവർ സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. ധർണാ സമരത്തിന്റെ ഭാഗമായി കുടിയേറ്റ കർഷകൻ ജോസഫ് കുളമാക്കലിനെ കത്തോലിക്ക കോൺഗ്രസ് ആദരിച്ചു. ബെന്നി കാരിയിൽ, സണ്ണി കരിവേലിക്കൽ , ടോമി രാമച്ചനാട്ട് ,ഷാജി കൊമ്പിക്കര, അഗസ്റ്റിൻ പരത്തിനാൽ, ജോസുകുട്ടി മണ്ണുക്കുളം, സിബി കല്ലുവെട്ടത്ത്, ഷാജി പൊട്ടനാനി, സിബി മരിയാപുരം, സാന്‍റോ അഗസ്റ്റിൻ,ആദർശ് മാത്യു , എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *