റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെഡിക്കല്‍ കോളേജ് ഫ്‌ളൈ ഓവർ യാഥാർഥ്യമാവുന്നു; യാത്രാക്ലേശത്തിന് പരിഹാരം

August 14, 2022 - 8:03 pm

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെത്തുന്ന ജനങ്ങളുടേയും ജീവനക്കാരുടേയും ദീര്‍ഘകാലമായുള്ള ആവശ്യമായ ഫ്‌ളൈ ഓവർ യാഥാർഥ്യമാവുന്നു. ഇതോടെ ദീർഘകാലമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള  യാത്രാക്ലേശത്തിന് പരിഹാരമാവുകയാണ്.

മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 58 കോടി രൂപയുടെ ആദ്യഘട്ട വികസനപ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. റോഡ് മേല്‍പ്പാല നിര്‍മ്മാണത്തിന് 18.06 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിലൂടെ കാമ്പസിലുള്ള 6 പ്രധാന റോഡുകളുടേയും പാലത്തിന്റേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂത്തിയാകുന്നത്. മെഡിക്കല്‍ കോളേജ് കാമ്പസിലെ യാത്രാക്ലേശം ഇതോടെ വലിയ അളവുവരെ പരിഹരിക്കാന്‍ സാധിക്കും.

മെഡിക്കല്‍ കോളേജ് കുമാരപുരം റോഡില്‍ മെന്‍സ് ഹോസ്റ്റലിനു സമീപത്ത് നിന്നും എസ്.എ.ടി ആശുപത്രിയുടെ സമീപത്ത് എത്തിച്ചേരുന്നതാണ് മേല്‍പാലം. ഈ ഫ്‌ളൈ ഓവര്‍ വരുന്നതോടുകൂടി കുമാരപുരം ഭാഗത്തേക്ക് ക്യാമ്പസില്‍ നിന്നും പുതിയയൊരു പാത തുറക്കപ്പെടുകയാണ്. ഇത് ക്യാമ്പസില്‍ നിന്ന് വാഹനങ്ങള്‍ക്ക് തിരക്കേറിയ അത്യാഹിതവിഭാഗം പാത ഒഴിവാക്കി സുഗമമായ ഗതാഗതത്തിനു വഴിയൊരുക്കും. ഇതോടുകൂടി ക്യാമ്പസിന് പ്രധാന റോഡുകളുമായി മൂന്നു പാതകള്‍ തുറക്കപ്പെടുകയാണ്.

കിഫ്ബി ഫണ്ടുപയോഗിച്ച് ഇന്‍കെല്‍ മുഖാന്തിരമാണ് പദ്ധതി സാക്ഷാത്ക്കരിച്ചത്. 96 മീറ്റര്‍ അപ്രോച്ച് റോഡുമുണ്ട്. 12 മീറ്ററാണ് മേല്‍പ്പാലത്തിന്റെ വീതി. മോട്ടോര്‍ വേ 7.05 മീറ്ററും വാക് വേ 04.05 മീറ്ററുമാണ്. ഇന്ത്യയില്‍ അപൂര്‍വമായിട്ടുള്ള ജോയിന്റ് ഫ്രീ മേല്‍പ്പാലമാണിത്. യൂണീഫോം സ്ലോപ്പിലാണ് ഈ മേല്‍പ്പാലം നിര്‍മ്മിച്ചിട്ടുള്ളത്. എസ്.എ.ടി. ആശുപത്രി, ശ്രീചിത്ര, ആര്‍സിസി, മെഡിക്കല്‍ കോളേജ് ബ്ലോക്ക്, പ്രിന്‍സിപ്പല്‍ ഓഫീസ്, സി.ഡി.സി., പി.ഐ.പി.എം.എസ്., ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ തിരക്കില്‍പ്പെടാതെ നേരിട്ടെത്താവുന്നതാണ്. ഇതിലൂടെ പ്രധാന ഗേറ്റുവഴി അത്യാഹിത വിഭാഗത്തിലും ആശുപത്രിയിലും തിരക്കില്ലാതെ എത്താനും സാധിക്കുന്നു. മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ആരോഗ്യ മന്ത്രി വീണ ജോർജ് നിരവധി തവണ ചര്‍ച്ച നടത്തുകയും മേല്‍പ്പാലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ മുഖേന പൂര്‍ത്തിയായ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 16 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *