തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ഇഞ്ചക്കൽ വഹാബ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വിനായകൻ പൊലീസിന്റെ പിടിയിൽ. തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നാണ് പ്രതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയിൽ നിരവധി മോഷണകേസുകളാണ് വഹാബിന്റെ പേരിലുള്ളത്.
ഒരു മാസം മുമ്പ് അസുരംഗലത്ത് വീടിന്റെ ജനൽ പൊളിച്ചു സ്വർണവും പണവും കവർന്ന കേസിലാണ് പ്രതി അറസ്റ്റിലായത്. കൃത്യത്തിന് ശേഷം വഹാബ് തിരുവനന്തപുരത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് അഞ്ചൽ പൊലീസ് പ്രതിയെ കഴക്കൂട്ടത്ത് നിന്നും പിടികൂടിയത്.
2021 നവംബറിൽ ഇടയം എൽ പി സ്കൂളിന് സമീപത്തെ വീട്ടിൽ മോഷണം നടത്തിയതും വഹാബാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതിയെ കവർച്ച നടത്തിയ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ വഹാബിനെ റിമാൻറ് ചെയ്തു



