ടെല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ സേനയും പലസ്തീന്‍ തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 51 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ 24 പേര്‍ ഗാസ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരരാണ്. മറ്റുള്ളവര്‍ നിരപരാധികളായ പലസ്തീന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, തീവ്രവാദികളുടെ ലക്ഷ്യം പിഴച്ച വെടിവയ്പ്പിലാണ് സാധാരണക്കാരില്‍ ഏറെപ്പേരും മരിച്ചതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) അറിയിച്ചു. മൂന്നു ദിവസത്തെ സംഘര്‍ഷാന്തരീക്ഷത്തിന് അയവുവരുത്തി ഇരുപക്ഷവും വെടിനിര്‍ത്തലിന് സമ്മതിച്ചെന്നും വിവരം.
പലസ്തീന്‍ തീവ്രവാദികള്‍ക്കെതിരേ ഇസ്രയേല്‍ സൈന്യം വെള്ളിയാഴ്ച ആരംഭിച്ച പോരാട്ടത്തിലാണ് ആളപായം. ബ്രേക്കിങ് ഡോണ്‍ എന്ന പേരിലായിരുന്നു ദൗത്യം. സേനയുടെ മിസൈല്‍ ആക്രമണങ്ങളില്‍ ആദ്യം 10 പേര്‍ കൊല്ലപ്പെടുകയും അമ്പതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുഭാഗത്തുമായി നടന്ന റോക്കറ്റാക്രമണത്തിലും വെടിവയ്പ്പിലുമാണ് ഏറെപ്പേരും മരിച്ചത്. ആക്രമണം ഞായറാഴ്ച രാത്രി വെടിനിര്‍ത്തലോടെ അവസാനിച്ചു. ദൗത്യത്തിലൂടെ 24 ഭീകരരെ വധിക്കാന്‍ കഴിഞ്ഞതായി ഐ.ഡി.എഫ്. വക്താവ് റാന്‍ കൊച്ചാവ് അറിയിച്ചു. 170 കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണം കൃത്യമായ ഫലം കണ്ടു.
എന്നാല്‍ ഇസ്രയേലിനു നേരേ ഭീകരര്‍ തൊടുത്തുവിട്ട 1,100 റോക്കറ്റുകളില്‍ 200 എണ്ണം ലക്ഷ്യംതെറ്റി ഗാസ മുനമ്പില്‍ പതിച്ചത് വന്‍ നാശമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.27 നിരപരാധികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട ഓപ്പറേഷന്‍ ബ്രേക്കിങ് ഡോണിനെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ യു.എന്‍. രക്ഷാ കൗണ്‍സില്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നു. നിലവിലെ സംഭവവികാസങ്ങളും മേഖലയില്‍ സമാധാനം െകെവരിക്കാനുള്ള രാജ്യാന്തര ശ്രമങ്ങളുമായിരുന്നു യോഗത്തിലെ ചര്‍ച്ചാവിഷയം.കഴിഞ്ഞ അഞ്ചിനു ഗാസ മുനമ്പിലെ പലസ്തീന്‍ ഭീകരര്‍ക്കു നേരേ ഐ.ഡി.എഫ്. ആക്രമണം നടത്തിയിരുന്നതായി ഇതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി യാര്‍ ലാപിഡിന്റെ ഓഫീസ് അറിയിച്ചു.
07/08/2022 ഞായറാഴ്ച രാത്രി വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ സംഘര്‍ഷാന്തരീക്ഷത്തിന് അയവുണ്ടായി. ഈജിപ്തിന്റെ മധ്യസ്ഥതയിലായിരുന്നു സമാധാന ചര്‍ച്ചകള്‍. ഇതോടെ ഗാസയിലെ ഏക പവര്‍പ്ലാന്റ് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.



