തെഹ്രീക്കെ താലിബാന്‍ നേതാക്കള്‍ കൊല്ലപ്പെട്ടു

കാബൂള്‍: ഭീകരസംഘടനയായ തെഹ്രീക്കെ താലിബാന്‍ പാകിസ്താ(ടി.ടി.പി) ന്റെ ഉന്നത കമാന്‍ഡറടക്കം മൂന്നു ഭീകരര്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയില്‍ 07/08/2022 ഞായറാഴ്ച ദുരൂഹ സാഹചര്യത്തിലുണ്ടായ സ്ഫോടനത്തിലാണു മൂവരും കൊല്ലപ്പെട്ടത്. പാകിസ്താനി താലിബാന്‍ എന്നുകൂടി അറിയപ്പെടുന്ന ടി.ടി.പിയുടെ കമാന്‍ഡര്‍ അബ്ദുള്‍ വാലി മുഹമ്മദ് എന്ന ഒമര്‍ ഖാലിദ് ഖൊറസാനി, മുഫ്തി ഹസന്‍, ഹാഫിസ് ദൗലത് ഖാന്‍ എന്നിവരാണു മരിച്ചത്.

ബീര്‍മല്‍ ജില്ലയിലൂടെ സഞ്ചരിക്കുന്നതിനിടെ ഇവരുടെ വാഹനം റോഡരികിലെ കുഴിബോംബില്‍ത്തട്ടുകയായിരുന്നെന്ന് പാകിസ്താനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനില്‍ ശരിയനിയമം പ്രാബല്യത്തില്‍ വരുത്തണമെന്ന് വാദിക്കുന്ന തീവ്ര ഇസ്ലാമിക വിഭാഗമാണ് ടി.ടി.പി. ലക്ഷ്യം സാക്ഷാത്കരിക്കാനായി പാകിസ്താനില്‍ ബോംബ് സ്ഫോടനങ്ങളടക്കം ആസൂത്രം ചെയ്തായിരുന്നു പ്രവര്‍ത്തനം. രണ്ടു പതിറ്റാണ്ടിനിടെ പതിനായിരങ്ങളാണ് ടി.ടി.പി. നടത്തിയ ആക്രമണങ്ങളില്‍ പാകിസ്താനില്‍ മരിച്ചത്. 2016-ലെ ഈസ്റ്റര്‍ ദിനത്തില്‍ ലാഹോറില്‍ 75 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തിനു പിന്നില്‍ ടി.ടി.പിയും കമാന്‍ഡറായ ഒമര്‍ ഖാലിദുമായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ തലയ്ക്കു പാക് സര്‍ക്കാര്‍ 10 ദശലക്ഷം രൂപ വിലയിട്ടിരുന്നു.

അഫ്ഗാനിലെ നാന്‍ഗര്‍ഹര്‍, കുനാര്‍ പ്രവിശ്യകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. സന്ധിസംഭാഷണങ്ങളുടെ ഭാഗമായി ഖാലിദും സംഘവുമായി പാകിസ്താന്‍ അധികൃതര്‍ ചര്‍ച്ചകള്‍ക്ക് തയാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മരണവാര്‍ത്തയെത്തിയത്.

Share
അഭിപ്രായം എഴുതാം