റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈദ്യുതി ബോർഡിന്റെ പേരിൽ തട്ടിപ്പ് വ്യാപകം

August 6, 2022 - 1:29 pm

തിരുവനന്തപുരം : സംസ്ഥാന വൈദ്യുതി ബോർഡിന്റെ പേരിൽ തട്ടിപ്പ് വ്യാപകം. പണം അടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിഛേദിക്കുമെന്ന തരത്തിൽ വ്യാജ എസ്എംഎസ് സന്ദേശം ആയിട്ടാണ് തട്ടിപ്പ്. പലർക്കും ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ നഷ്ടപ്പെട്ടത്. ഇതിനെതിരെ കെഎസ്ഇബി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്.

കെഎസ്ഇബിയുടെ പേരും ഔദ്യോഗിക വെബ്സൈറ്റും ദുരുപയോഗം ചെയ്താണ് തട്ടിപ്പ്. എത്രയും വേഗം പണം അടച്ചില്ലെങ്കിലോ ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിലോ വൈദ്യുതി വിഛേദിക്കുമെന്ന തരത്തിലാണ് എസ്എംഎസ്, വാട്സ്ആപ്പ് സന്ദേശങ്ങൾ ലഭിക്കുക. ആദ്യം ഇംഗ്ലീഷിൽ ലഭിച്ചുകൊണ്ടിരുന്ന സന്ദേശങ്ങൾ ഇപ്പോൾ മലയാളത്തിലും അയച്ചാണ് തട്ടിപ്പ് വ്യാപകമാക്കിയിട്ടുള്ളത്.

സന്ദേശത്തിൽ കൊടുത്തിട്ടുള്ള മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടാൽ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിക്കും. പിന്നീട് ടീം വ്യൂവർ പോലുള്ള മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യപ്പെടും. സന്ദേശത്തിലുള്ള ലിങ്ക് തുറന്നാൽ ചെന്നെത്തുക കെഎസ്ഇബിയുടെ വെബ് പേജിലാണ്. പണമടക്കാൻ ഇല്ലെങ്കിലും കഴിഞ്ഞ മാസത്തെ ബില്ലുമായി പത്തു രൂപയുടെ വ്യത്യാസം ഉണ്ടെന്നും ഇത് അടയ്ക്കണം എന്നുമാണ് അടുത്തനിർദേശം. ഇത് അടയ്ക്കുന്നതോടെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട്, ഒടിപി വിവരങ്ങൾ എന്നിവ നേരത്തെ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനിലൂടെ തട്ടിപ്പുകാർക്ക് ലഭിക്കുന്നു. തുടർന്ന് അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുകയും ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *