റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഫിലമെന്റ് രഹിത പദ്ധതിയുടെ ഭാഗമാകണം: മുഖ്യമന്ത്രി

August 2, 2022 - 9:13 pm

എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഫിലമെന്റ് രഹിത കേരള പദ്ധതിയുടെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ‘നിലാവ്’ പദ്ധതിയുടെ ഭാഗമായി ഈ ലക്ഷ്യത്തിൽ എത്തുന്നതാണ് ഉചിതം. ഏതെങ്കിലും കാരണവശാൽ അതിന് സാധിക്കുന്നില്ലെങ്കിൽ സ്വന്തം നിലയ്ക്ക് ഫിലമെന്റ് രഹിതമാകണം. പദ്ധതി സംബന്ധിച്ച അവലോകനയോഗത്തിലാണ് മുഖ്യമന്ത്രിയുടെ ഈ നിർദേശം.
നിലവിൽ പ്രവർത്തനം ഏറ്റെടുത്ത് തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഫിലമെൻറ് രഹിത ക്യാമ്പയിന്റെ ഭാഗമാകാൻ പ്രത്യേക നടപടി കൈകൊള്ളണം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എല്ലാ ജില്ലകളിലും അത്തരം സ്ഥാപനങ്ങളുടെ യോഗം വിളിക്കണം. കെഎസ്ഇബിയുടെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കണം. പരാതികളും ആശങ്കളും ചർച്ചചെയ്ത് വ്യക്തത വരുത്തി പരിഹരിക്കാൻ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണൽ ചീഫ്‌സെക്രട്ടറി, കെഎസ്ഇബി ചെയർമാൻ, കിഫ്ബി സിഇഒ തുടങ്ങിയവർ യോഗം ചേരണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ഏഴ് വർഷത്തെ വാറണ്ടി ‘നിലാവ്’പദ്ധതിയിൽപ്പെട്ട എൽഇഡി വിളക്കുകൾക്കുണ്ട്. ഇവ ഉപയോഗശ്യൂന്യമായാൽ 48 മണിക്കൂറിനകം  മാറ്റാൻ നപടിയെടുക്കണം. പരമാവധി ഒരാഴ്ചയ്ക്കുള്ളിൽ അത്തരം പരാതികൾ പരിഹരിക്കാൻ എനർജി എഫിഷ്യൻസി സർവ്വീസസ് ലിമിറ്റഡ് ഇടപെടണമെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി. ഉപയോഗശ്യൂന്യമായ വിളക്കുകൾ മാറ്റാൻ കാലതാമസമുണ്ടാകുന്നതായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരാതിപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നിർദേശം.  
ഫിലമെന്റ് രഹിത കേരളം എന്ന ആശയം എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും നടപ്പാക്കുന്നതാണ് ‘നിലാവ്’ പദ്ധതി. 10.5 ലക്ഷം പരമ്പരാഗത തെരുവു വിളക്കുകൾക്കു പകരം എൽഇഡി വിളക്കുകൾ സ്ഥാപിക്കലാണ് ഉദ്ദേശ്യം. ആദ്യ ഘട്ടത്തിൽ രണ്ട് ലക്ഷവും രണ്ടാം ഘട്ടത്തിൽ 8.5 ലക്ഷവും ബൾബുകൾ എൽഇഡിയിലേക്ക് മാറും.
പദ്ധതിയുടെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കൾ ആയി വൈദ്യുതി ബോർഡും പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റായി എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡുമാണ് പ്രവർത്തിക്കുന്നത്. നിലവിൽ 573 ഗ്രാമ പഞ്ചായത്തുകളിലും 65 നഗരസഭകളിലുമാണ് പദ്ധതി  നടപ്പാക്കുന്നത്.
യോഗത്തിൽ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ്  സെക്രട്ടറി ശാരദ മുരളീധരൻ, കെ.എസ്. ഇ.ബി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ രാജൻ ഖൊബ്രഗഡെ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് പ്രതിനിധികളും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *