കണ്ണൂർ: പടക്ക നിർമ്മാണ കമ്പനികൾക്കുള്ള ലൈസൻസിന്റെ മറവിൽ ബോംബ് നിർമ്മിക്കുന്നതിനുള്ള വെടിമരുന്ന് തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്നതായി കണ്ടെത്തി. മാഹി വടകര ഭാഗങ്ങളിലെ പടക്ക നിർമ്മാണശാലകളിൽ നിന്ന് ഏജന്റ്മാർ വഴി കണ്ണൂരിലെ ക്രിമിനൽ സംഘങ്ങൾ ഈ വെടിക്കോപ്പ് കടത്തിക്കൊണ്ടുവരും. മണി ചെയിൻ പോലെയുള്ള ഈ സംവിധാനം തകർക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രധാന കണ്ണിയായ അനൂപ് മാലിക് നിരവധി സ്ഫോടന കേസുകളിൽ പ്രതിയാണെങ്കിലും ഒളിവിലിരുന്ന് വെടി മരുന്ന് വിതരണം തുടരുകയാണ്.
2016 മെയ് 24 രാത്രി കണ്ണൂര്‍ നഗരത്തിനുള്ളിൽ ഒരു ഉഗ്രസ്ഫോടനമുണ്ടായി. പൊടിക്കുണ്ടിലെ അനൂപ് മാലിക്കിന്റെ വീട് തവിടുപൊടി. ചുറ്റിലുമുള്ള പത്തിലേറെ വീടുകളും ഭാഗികമായി തകർന്നു. അനൂപിന്റെ മകൾക്ക് ഗുരുതരമായി പൊള്ളലേറ്റു. നഗരത്തെ ഞെട്ടിച്ച സ്ഫോടനത്തിന്റെ പിന്നാലെ വെളിവായത് അനൂപ് മാലിക്കിന്റെ ക്രിമിനൽ ലോകം. ഒരു ലൈസൻസുമില്ലാതെ ഉത്സവങ്ങൾക്ക് ഗുണ്ട് വിതരണം ചെയ്യുന്ന അനൂപ് പാർട്ടി വ്യത്യാസമില്ലാതെ രാഷ്ട്രീയക്കാർക്കും യഥേഷ്ടം ബോംബ് ഉണ്ടാക്കാൻ വേണ്ടി മരുന്ന് കൊടുത്തു. അങ്ങനെ സൂക്ഷിച്ച വെടിമരുന്നാണ് പൊട്ടിത്തെറിച്ചത്. പിന്നാലെ ചാലക്കുന്നിൽ സ്ഫോടക ശേഖരം പിടിച്ചതിലും പന്നേൻപാറയിൽ വെടിമരുന്ന് കണ്ടെത്തിയതിലും പ്രതിസ്ഥാനത്ത് അനൂപ് ഉണ്ടായിരുന്നു. ഏറ്റവും അവസാനം തോട്ടടയിൽ കല്യാണ പാർട്ടിയിൽ ബോംബേറുണ്ടായി ഒരാൾ മരിച്ച കേസിലും വെടി മരുന്ന് നൽകിയത് അനൂപാണ്.
പോലീസിന്റെ മൂക്കിൻതുമ്പിൽ നിന്ന് അനൂപ് വെടിമരുന്ന് വിതരണം ചെയ്യുമ്പോഴും ഇയാളെ ഒളിവിലാണെന്ന് പറഞ്ഞ് ഉരുണ്ട് കളിക്കുന്നു അന്വേഷണസംഘം. അനൂപ് ഉൾപ്പെടെ ദല്ലാൾമാർക്ക് ഈ വെടിമരുന്ന് എവിടെ നിന്നു വരുന്നു എന്ന ചോദ്യം എത്തിനിൽക്കുന്നത് മാഹിയിലെയും, വടകരയിലെയും പടക്ക നിർമ്മാണ കമ്പനികളിലേക്കാണ്.
ഈ കണ്ണിയിൽ മുൻപുണ്ടായിരുന്ന ഒരാൾ ഈ അധോലോക പ്രവർത്തനം വിവരിക്കുന്നത് ഇങ്ങനെ “മണി ചെയിൻ പോലെയാണിത്”. വെടിമരുന്ന് വേണ്ടവർ പണം ഏജന്റിന് കൈമാറണം. അയാൾ മറ്റൊരാൾക്ക്. അങ്ങനെ കണ്ണിയുടെ അവസാനം വെടിമരുന്ന് വിതരണക്കാരിൽ എത്തും. പണം പോയ വഴി തന്നെ വെടിക്കോപ്പും മടങ്ങിയെത്തും. തന്നത് ആരെന്ന് ഒരിക്കലും അറിയുകയുമില്ല. ബോംബ് സ്ഫോടന കേസുകളുടെ വേര് അറുക്കണമെങ്കിൽ ഈ ചങ്ങല പൊട്ടിക്കണം. അതിന് പോലീസ് മെനക്കെടാറില്ല.

