റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുരുദ്വാര സ്‌ഫോടനം പ്രവാചക നിന്ദയ്ക്കുള്ള പ്രതികാരമെന്ന് ആക്രമികള്‍

June 20, 2022 - 11:24 am

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഗുരുദ്വാരയ്ക്കു നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഖൊറസാന്‍ പ്രോവിന്‍സ് (ഐ.എസ്.കെ.പി.) ഏറ്റെടുത്തു. ബി.ജെ.പി. മുന്‍ വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചകനിന്ദാ പരാമര്‍ശത്തിനുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് സംഘടനയുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

പ്രവാചകനിന്ദാ വിവാദത്തില്‍ ഇന്ത്യയ്‌ക്കെതിരേ നേരത്തേ ഐ.എസ്. ആക്രമണ ഭീഷണി മുഴക്കിയിരുന്നു. ഖൊറസാന്‍ ഡയറി എന്ന ന്യൂസ് ചാനല്‍ വഴി പുറത്തുവിട്ട 55 പേജ് ലഘുലേഖയില്‍, ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന താലിബാന്‍ സര്‍ക്കാരിനെയും വിമര്‍ശിച്ചിരുന്നു. ശനിയാഴ്ച രാവിലെ കാബൂളിലെ കാര്‍തെ പര്‍വാന്‍ ഗുരുദ്വാരയില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ചു ഭീകരരടക്കം എട്ടു പേരാണു മരിച്ചത്. 12 പേര്‍ക്കു പരുക്കേറ്റു. സ്‌ഫോടനം നടത്തിയശേഷം ഗുരുദ്വാരയ്ക്കുള്ളില്‍ കടന്ന നാല് ആയുധധാരികളായ ഭീകരരെ സേന വധിക്കുകയായിരുന്നു.

സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതിനുമുന്‍പ് തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞതിനാല്‍ വന്‍ദുരന്തം ഒഴിവായി. ആക്രമണസമയത്ത് ഗുരുദ്വാരയില്‍ 30 പേരുണ്ടായിരുന്നു. അതിനിടെ, കാബൂളില്‍ ഗുരുദ്വാരയ്ക്കു നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 100-ലധികം അഫ്ഗാന്‍ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കുംകേന്ദ്ര സര്‍ക്കാര്‍ ഇ-വിസ അനുവദിച്ചു. ഗുരുദ്വാരയ്ക്കു നേര്‍ക്കുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

”ഈ നിഷ്ഠൂരമായ ആക്രമണത്തെ ഞാന്‍ അപലപിക്കുന്നു, ഭക്തരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു”- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ആക്രമണത്തെ അപലപിച്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പറഞ്ഞു.അഫ്ഗാനിസ്ഥാനുള്ള മാനുഷിക സഹായ വിതരണം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ പ്രതിനിധി കാബൂളില്‍ സന്ദര്‍ശനം നടത്തിയതിനു പിന്നാലെയായിരുന്നു ആക്രമണം.

കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനെത്തുടര്‍ന്നു പൂട്ടിയ ഇന്ത്യന്‍ എംബസി വീണ്ടും തുറക്കാനുള്ള സാധ്യത പ്രതിനിധി സംഘം താലിബാനുമായി ചര്‍ച്ച ചെയ്തുവെന്നാണ് വിവരം.

ദക്ഷിണ-മധ്യ ഏഷ്യന്‍ രാജ്യങ്ങളില്‍ സജീവമായ ഐ.എസ്. അനുബന്ധ ഭീകരസംഘടനയാണ് ഐ.എസ്.കെ.പി. പാകിസ്താന്‍, താജിക്‌സ്താന്‍, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലെല്ലാം ഇവര്‍ക്ക് സാന്നധ്യമുണ്ട്. അഫ്ഗാന്റെ ഭരണം കൈയാളുന്ന താലിബാനും ഐ.എസും തമ്മില്‍ കടുത്ത ശത്രുതയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *