സിദ്ദുവിന് ഒരു വര്‍ഷം തടവുശിക്ഷ

ന്യൂഡല്‍ഹി: ഒരാളുടെ മരണത്തിനിടയാക്കിയ നടുറോഡിലെ അക്രമസംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദുവിന് സുപ്രീം കോടതി ഒരു വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. 1988 ല്‍ ഉണ്ടായ സംഭവത്തില്‍ കേവലം 1000 രൂപ പിഴയുമായി 2018ല്‍ സിദ്ദുവിനെ വിട്ടയച്ച മുന്‍ ഉത്തരവ് തിരുത്തിയാണ് സുപ്രീം കോടതി വിധി. സിദ്ദുവും സുഹൃത്ത് രൂപീന്ദര്‍ സിങ്ങ് സന്ധുവും ഉള്‍പ്പെട്ടെ പൊതുസ്ഥലത്തെ തര്‍ക്കത്തില്‍ 65 വയസുകാരനായ ഗുര്‍നാം സിങ് എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ജസ്റ്റീസുമാരായ എ.എം. ഖാന്‍വില്‍ക്കറും സഞ്ജയ് സിങ് കൗശാലും ഉള്‍പ്പെട്ട ബെഞ്ചിന്റെ വിധി. ഗുര്‍നാം സിങ്ങിന്റെ കുടുംബം നല്‍കിയ പുന:പരിശോധനാ ഹര്‍ജിയിലാണ് കോടതി നടപടി. മന:പൂര്‍വം ദേഹോപദ്രവം ഏല്‍പ്പിക്കുന്നതിന് 1000 രൂപ പിഴയോ പരമാവധി ഒരു വര്‍ഷം ജയില്‍ശിക്ഷയോ എന്നാണ് ഐ.പി.സി. 323 നിഷ്‌കര്‍ഷിക്കുന്നത്.

വഴിയില്‍വച്ചുണ്ടായ തര്‍ക്കത്തിനിടെ ഗുര്‍നാം സിങ്ങിനെ സിദ്ദു മര്‍ദിക്കുകയും ആശുപത്രിയിലെത്തിച്ച ഗുര്‍നാംസിങ് മരണപ്പെടുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.വിധി സ്വീകരിക്കുമെന്നും നിയമത്തിനു മുന്നില്‍ കീഴടങ്ങുന്നതായും സിദ്ദു ട്വിറ്റര്‍ സന്ദേശത്തിലൂടെ പറഞ്ഞു.

Share
അഭിപ്രായം എഴുതാം