കൊച്ചിയിൽ കനത്ത മഴ: കൊച്ചിൻ കലാഭവനിൽ വെളളം കയറി സം​ഗീതോപകരണങ്ങൾ നനഞ്ഞു

കൊച്ചി: എറണാകുളം ജില്ലയിലെ ശക്തമായ മഴയെ തുടർന്ന് ‘വെള്ളത്തിലായി’ കൊച്ചിൻ കലാഭവനും. ഓഫീസ് കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന സംഗീതോപകരണങ്ങളിൽ പലതിലും വെള്ളം കയറി. എത്രത്തോളം നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കണക്കാക്കി വരികയാണെന്ന് കൊച്ചിൻ കലാഭാവൻ സെക്രട്ടറി കെ.എസ് പ്രസാദ് പ്രതികരിച്ചു .എറണാകുളം നോർത്തിൽ കലാഭവൻ റോഡിലാണ് കൊച്ചിൻ കലാഭവന്റെ ഓഫീസ് സ്ഥിതിചെയ്യുന്നത്.

കൊച്ചിയിലും പരിസരത്തും 2022 മെയ് 14 ശനിയാഴ്ച മുതൽ മണിക്കൂറുകളോളം ശക്തമായ മഴയാണ് പെയ്തത്. ഞായറാഴ്ച രാവിലെ ഓഫീസ്തുറക്കാനെത്തിയപ്പോഴാണ് കെട്ടിടത്തിനുള്ളിലും വെള്ളം കയറിയത് ശ്രദ്ധയിൽപ്പെട്ടത്. തുറന്നുപരിശോധിച്ചപ്പോൾ സംഗീതോപകരണങ്ങളിൽ പലതിലും വെള്ളം കയറിയിട്ടുണ്ട്. ഗിറ്റാർ, വയലിൻ, കീബോർഡ്, പിയാനോ തുടങ്ങിയവയൊക്കെ നനഞ്ഞു. അടുത്ത ദിവസം പ്രവർത്തിപ്പിച്ചുനോക്കിയാൽ മാത്രമേ ഉപകരണങ്ങൾ കേടുവന്നിട്ടുണ്ടോ എന്ന് മനസ്സിലാവുകയുള്ളൂവെന്നും കെ.എസ് പ്രസാദ് പറഞ്ഞു.

കനത്ത മഴയെ തുടർന്ന് കൊച്ചിയിൽ പല സ്ഥലങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായത്. മഴ ശമിച്ചതിനെത്തുടർന്ന് പലയിടങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. എറണാകുളത്ത് ഇന്നലെ റെഡ് അലർട്ടായിരുന്നു കാലാവസ്ഥനിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →