റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സമൂഹത്തിന്റെ സുസ്ഥിര വികസനത്തിന് വനിതാ ശിശു സൗഹൃദ പദ്ധതികൾ അനിവാര്യം – മന്ത്രി വീണാ ജോർജ്

May 13, 2022 - 4:25 pm

– ദി ക്രാഡിൽ ആപ്ലിക്കേഷൻ പ്രകാശനം ചെയ്തു

സമൂഹത്തിന്റെ നിലനിൽപ്പിനും സുസ്ഥിര മുന്നേറ്റത്തിനും വനിതാ ശിശു സൗഹൃദ പദ്ധതികൾ അനിവാര്യമാണെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പുമന്ത്രി വീണാ ജോർജ്. കോഴിക്കോട് ജെൻഡർ പാർക്കിൽ ‘ദി ക്രാഡിൽ’ ആപ്ലിക്കേഷൻ പ്രകാശനവും ജെംസ് ബുക്ക് വിതരണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സമൂഹത്തിന്റെ ഉന്നമനത്തിന് സ്ത്രീകളെ മുഖ്യധാരയിൽ എത്തിക്കുന്നതിനൊപ്പം കുട്ടികളുടെ ആരോഗ്യപരമായ വളർച്ചയ്ക്കും പ്രത്യേകം പ്രാധാന്യം നൽകണം. കുട്ടികളുടെ ശേഷീവികാസത്തെ പ്രോത്സാഹിപ്പിക്കുന്ന ക്രാഡിൽ ആപ്പ് പോലുള്ള പദ്ധതികൾ പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ- ശിശു വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ശിശു പരിപാലനം, മാതൃത്വം, ആരോഗ്യകരമായ കൗമാരം എന്നീ മേഖലകൾ കേന്ദ്രീകരിച്ചുള്ള സമ്പൂർണ വനിതാ ശിശു വികസന പദ്ധതിയാണ് ‘ദി ക്രാഡിൽ’. കുട്ടികളുടെ ശേഷീവികാസത്തിനുതകുന്ന തരത്തിലുള്ള പരിസ്ഥിതി സൗഹൃദവും ശിശു സൗഹൃദവുമായുള്ള അങ്കണവാടി കെട്ടിടങ്ങൾ, ഇൻഡോർ – ഔട്ട്ഡോർ നവീകരണം, പുതുക്കിയ ഭക്ഷണക്രമം, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നൂട്രി മിക്സ്, ആരോഗ്യ വിദഗ്ധരുടെ സമിതി തയ്യാറാക്കിയ ജെംസ് പുസ്തകങ്ങൾ എന്നിവയാണ്‌ ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. 

പദ്ധതിയുടെ ഭാഗമായി എൻ.ഐ.സിയുടെയും ഇംഹാൻസിന്റെയും സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോ​ഗിച്ചാണ് ‘ക്രാഡിൽ’ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചത്. കുട്ടികളിലെ ശേഷീവികാസത്തെ കൂടുതൽ ശാസ്ത്രീയമായി സമീപിക്കുന്നതിന്‌ സഹായിക്കുന്ന പ്രയോജനപ്രദമായ നിരവധി ടൂളുകൾ ഉൾപ്പെടുത്തിയാണ്‌ ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. രക്ഷിതാക്കൾ പൂരിപ്പിക്കുന്ന നിശ്ചിത ചോദ്യങ്ങളിലൂടെ ലഭിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ  വളർച്ചാവൈകല്യം കണ്ടെത്തി തുടർപരിശോധനകൾക്കും ചികിത്സകൾക്കും സഹായകമായ സർക്കാർ കേന്ദ്രങ്ങളെ പരിചയപ്പെടുത്തുകയും രക്ഷകർത്താക്കൾക്ക് അവശ്യമായ നിർദേശങ്ങൾ കൈമാറുകയുമാണ്‌ ചെയ്യുന്നത്.  വാക്സിൻ ഷെഡ്യൂൾ, കുട്ടികളുടെ ഭക്ഷണക്രമം, ഓരോ വളർച്ചാ ഘട്ടത്തിലും ആർജ്ജിക്കേണ്ട കഴിവുകൾ, രക്ഷിതാക്കൾക്കുള്ള നിർദേശങ്ങൾ, പരിശീലനങ്ങൾ തുടങ്ങിയവയും ആപ്പ് മുഖാന്തിരം ലഭ്യമാക്കുന്നുണ്ട്. 

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. വി.ആർ. രാജു മുഖ്യാതിഥിയായി. ഐ.സി.ഡി.എസ് പേരാമ്പ്ര പ്രൊജക്ട് ഓഫീസർ ദീപ മന്ത്രിയിൽ നിന്നും ജെംസ് ബുക്കിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

സബ് കലക്ടർ വി. ചെൽസാസിനി പദ്ധതി വിശദീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ ഫാറൂഖ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷറഫ് കാവിൽ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോജക്ട് മാനേജർ ഡോക്ടർ എ. നവീൻ എന്നിവർ ആശംസകളർപ്പിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ യു. അബ്ദുൽബാരി സ്വാഗതവും ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ പി.പി. അനിത നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *