തിരുവനന്തപുരം: തിരുവനന്തപുരം എൽ.എം.എസ് പള്ളിയിൽ വിശ്വാസികളുടെ പ്രതിഷേധം. സി.എസ്.ഐ പള്ളി കത്തീഡ്രലാക്കി മാറ്റുന്നതിനെതിരേയാണ് ഒരുവിഭാഗം വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് കത്തീഡ്രൽ എന്ന ബോർഡ് സ്ഥാപിക്കാനുള്ള ശ്രമം വിശ്വാസികൾ തടയാൻ ശ്രമിച്ചു. പ്രതിഷേധ മുദ്രാവാക്യങ്ങളുയർത്തുകയും ചെയ്തു. കത്തീഡ്രൽ ആക്കുന്നതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമാണ് പള്ളിക്ക് സമീപത്തുള്ളത്.
അതിനിടെ ബിഷപ്പ് ധർമരാജം റസാലം പള്ളിയെ കത്തീഡ്രൽ ആക്കി പ്രഖ്യാപിച്ചു. പള്ളിയെ മോചിപ്പിച്ചുവെന്നാണ് കത്തീഡ്രൽ ആക്കി പ്രഖ്യാപിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞത്. പള്ളിയെ എം.എം സി.എസ്.ഐ കത്തീഡ്രൽ എന്ന് പുനർനാമകരണം ചെയ്തു. പ്രഖ്യാപനത്തിന് ശേഷം പുറത്തെത്തിയ ബിഷപ്പ് ധർമരാജം റസാലത്തിനെതിരേ പ്രതിഷേധക്കാർ കൂവിവിളിച്ചു. മുപ്പതോളം കുടുംബങ്ങളാണ് എതിർപ്പറിയിച്ച് രംഗത്തെത്തിയത്. സ്ത്രീകളും പ്രായമായവരും ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധം ഉയർത്തിയത്. തടയാൻ ശ്രമിച്ചത് സംഘർഷാവസ്ഥയിലേക്ക് നയിച്ചു.
പള്ളി കത്തീഡ്രൽ ആക്കുന്നത് പാരമ്പര്യത്തിന് എതിരാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. എല്ലാവിഭാഗങ്ങളോടും അഭിപ്രായം പോലും ചോദിക്കാതെയാണ് കത്തീഡ്രൽ ആക്കാനുള്ള നീക്കമുണ്ടായതെന്നും പ്രതിഷേധക്കാർ പറഞ്ഞു. പ്രതിഷേധ സാഹചര്യത്തെ തുടർന്ന് പള്ളിക്ക് പുറത്ത് പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.

