കോഴിക്കോട്: ജയിലിൽ തടവുകാർ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും നീതി നിഷേധവും പഠന വിധേയമാക്കുകയാണ് യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബും താഹ ഫസലും. അലൻ ഷുഹൈബ് 300-ലധികവും താഹ ഫസൽ 700-ലധികവും ദിവസമാണ് കേസിൽ ജയിലിൽ കിടന്നത്. തടവറയിൽ അനുഭവിച്ചതും നേരിൽ കണ്ടതുമായ പീഡനങ്ങളാണ് ജയിൽ സംവിധാനത്തെ സ്വതന്ത്ര പഠനത്തിന് വിധേയമാക്കാൻ ഇരുവർക്കും പ്രചോദനമായത്.
ജയിൽ എന്നാൽ എന്തോ സ്വർഗമാണെന്നാണ് പൊതുവേ സമൂഹത്തിന് മുന്നിലുള്ള ചിത്രം. എന്നാൽ, തടവറയ്ക്കുള്ളിലെ ജീവിതം കൊട്ടിഘോഷിക്കുന്ന അത്ര സുഖകരമല്ല. അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് കണക്കില്ല, ചികിത്സ നിഷേധിക്കൽ, മർദ്ദനം തുടങ്ങി എത്രയോ പ്രശ്‌നങ്ങൾ, നരക ജീവിതം അനുഭവിക്കുന്ന എത്രയോ പ്രശ്‌നങ്ങൾ, നരക ജീവിതം അനുഭവിക്കുന്ന എത്രയോ മനുഷ്യർ. ജയിൽ ജീവിതം ഒരു മനുഷ്യന്റെ ശരീരത്തെ മാത്രമല്ല, മനസ്സിനേയും പല തരത്തിലും ബാധിക്കുന്നുണ്ട്. ജയിലിന്റെ ഈ കറുത്ത വശം തുറന്ന് കാട്ടപ്പെടേണ്ടത് തന്നെയാണ് അതാണ് പഠനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ത്വാഹാ ഫസൽ പറഞ്ഞു.
സംസ്ഥാനത്തെ ജയിലുകളിലെ സാഹചര്യങ്ങൾ മാറേണ്ടതുണ്ട്. രാഷ്ട്രീയ തടവുകാർ എന്ന പദവി ഇപ്പോളും കേരള ജയിൽ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല, ജയിൽഒരു കറക്ഷൻ സെന്റർ കൂടിയാണ് പക്ഷെ കറക്ഷൻ എത്രത്തോളം നടക്കുന്നുണ്ടെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. ഈ വിഷയങ്ങൾ എല്ലാം പഠനത്തിൽ ഉൾപ്പെടുത്തുമെന്നും താഹ ഫസൽ പറഞ്ഞു. ഇതിനായി രാഷ്ട്രീയ തടവുകരായിരുന്നവരേയും ദീർഘകാലം ജയിൽ ജീവിതം അനുഭവിച്ചവരേയും എല്ലാം നേരിൽ കാണും. ഈ മേഖലയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. സ്വന്തം അനുഭവങ്ങളും ഉൾപ്പെടുത്തും. ഇതുവരെ ഈ വിഷയത്തിൽ പുറത്തു വന്നിട്ടുള്ള ഗവേഷണ ഗ്രന്ഥങ്ങളും പ്രയോജനപ്പെടുത്തും. അക്കാദമിക് സ്വഭാവം ഉള്ളതായിരിക്കും പഠനം. ഇതിന്റെ റിപ്പോർട്ട് സർക്കാരിനും മനുഷ്യാവകാശ കമ്മീഷനും പൊതുസമൂഹത്തിനും സമർപ്പിക്കുമെന്നും താഹ ഫസൽ പറഞ്ഞു..

