ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായ യുക്രൈനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാര്‍ക്കീവില്‍ ഇന്ത്യക്കാരാരും ഇനി അവശേഷിക്കുന്നില്ലെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം.ഇപ്പോള്‍ പ്രധാന ശ്രദ്ധ സുമിയിലാണെന്നും വിദേശകാര്യ മന്ത്രാലയ വാക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. പിസോകിന്‍, ഖാര്‍ക്കീവ് എന്നിവിടങ്ങളില്‍നിന്ന് അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാവരേയും പുറത്ത് കടത്താന്‍ നമുക്ക് കഴിയും. അതോടെ ഖാര്‍ക്കീവില്‍ ഇനി ആരും അവശേഷിക്കില്ല. ഇപ്പോള്‍ പ്രധാന ശ്രദ്ധ സുമിയിലാണ്. സംഘര്‍ഷം തുടരുന്നതു വെല്ലുവിളിയായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”സുമിയാണിപ്പോള്‍ പ്രധാന പ്രശ്നം. രണ്ടു പക്ഷങ്ങളോടും ഞങ്ങള്‍ വെടിനിര്‍ത്താന്‍ ശക്തമായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഞങ്ങളുടെ സംഘം ഇപ്പോള്‍ കിഴക്കോട്ടേക്ക് നീങ്ങുന്നുണ്ട്. ഷെല്ലിങാണ് പ്രശ്നം”-വിദേശകാര്യ മന്ത്രാലയം പറഞ്ഞു.അതിനിടെ, എംബസി അധികൃതര്‍ക്കെതിരേ പൊട്ടിത്തെറിച്ച് സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ രംഗത്തെത്തി. രക്ഷാമാര്‍ഗം ഒരുക്കുന്നില്ലെങ്കില്‍ റഷ്യന്‍ അതിര്‍ത്തിയിലേക്കു നടന്നുപോകും. എന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്വവും ഇന്ത്യന്‍ എംബസിക്കാണെന്നും വിദ്യാര്‍ഥികള്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സ്വയം നിര്‍മ്മിച്ച ഇന്ത്യന്‍ പതാകയുമേന്തി റഷ്യന്‍ അതിര്‍ത്തിയിലേക്കു നീങ്ങുമെന്നാണ് വിദ്യാര്‍ഥികള്‍ അറിയിച്ചത്. ഇത് സഹായം അഭ്യര്‍ഥിച്ചുള്ള അവസാന സന്ദേശമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.രക്ഷാപ്രവര്‍ത്തനത്തിനു പ്രത്യേക ട്രെയിനുകള്‍ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും യുക്രൈന്‍ പ്രതികരിച്ചിട്ടില്ലെന്ന് എംബസി വ്യക്തമാക്കി. ബസ് സൗകര്യം ഒരുക്കുംവരെ ബങ്കറുകളില്‍ കഴിയാനാണ് വിദ്യാര്‍ഥികള്‍ക്കു നല്‍കിയ നിര്‍ദേശം. ഇവര്‍ക്കു സുരക്ഷിത ഇടനാഴി ഒരുക്കാന്‍ യുക്രെന്‍, റഷ്യ സര്‍ക്കാരുകള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്. റെഡ്ക്രോസിന്റെ സഹായവും തേടി.



