റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഡെങ്കിപ്പനി വിരുദ്ധ മാസാചരണവും ഊര്‍ജ്ജിത ഉറവിട നശീകരണ ക്യാമ്പയിനും നടത്തി

February 20, 2022 - 3:02 pm

കോഴിക്കോട്: ജില്ലാ മെഡിക്കല്‍ ഓഫീസും കോര്‍പ്പറേഷനും സംയുക്തമായി ഡെങ്കിപ്പനി വിരുദ്ധ മാസാചാരണവും ഊര്‍ജ്ജിത ഉറവിട നശീകരണ ക്യാമ്പയിനും നടത്തി. മാങ്കാവ് നഗര ആരോഗ്യ കേന്ദ്രത്തില്‍ ആശ, ആര്‍ആര്‍ടി, സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ‘പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലെ സാമൂഹിക പങ്കാളിത്തം’ എന്ന വിഷയത്തില്‍ പരിശീലനം നല്‍കി. കോര്‍പ്പറേഷന്‍  കൗണ്‍സിലര്‍ ഓമന മധു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുകയും പകല്‍ സമയത്ത് കടിക്കുകയും ചെയ്യുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ രോഗങ്ങള്‍ പരത്തുന്നത്. റഫ്രജിറേറ്ററിന്റെ ട്രേയടക്കം വീടിനുള്ളിലും പുറത്തുമായി അലക്ഷ്യമായി വലിച്ചെറിയുന്ന വസ്തുക്കളിലും ഉപയോഗിക്കാത്ത ക്ലോസറ്റുകളിലും മരപ്പൊത്തുകളിലും വെള്ളം ചെറിയ അളവില്‍ പോലും കെട്ടിക്കിടക്കുന്ന മറ്റു വസ്തുക്കളിലുമെല്ലാം ഇവ മുട്ടയിട്ട് പെരുകുന്നു.

പെട്ടെന്നുള്ള കഠിനമായ പനി, അസഹനീയമായ തലവേദന, കണ്ണിനു പിന്നില്‍ വേദന, പേശീവേദന, മുഖത്തും നെഞ്ചിലുമുള്ള തിണര്‍പ്പുകള്‍ എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. കൊതുകുകളുടെ ഉറവിടങ്ങള്‍ ഓരോ ആഴ്ചയിലും നശിപ്പിക്കുകയാണ് ഡെങ്കിപ്പനി തടയാനുള്ള മാര്‍ഗം. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടനെ ആശുപത്രിയിലെത്തി ചികിത്സ തേടണം. ലേപനങ്ങള്‍, കൊതുകുവല, കൊതുകുതിരി തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കൊതുക് കടിയേല്‍ക്കാതെ നോക്കണം. കുളങ്ങളിലും മറ്റും ഗപ്പി, ഗം പൂസിയ, മാനത്തുകണ്ണി തുടങ്ങിയ മത്സ്യങ്ങളെ വളര്‍ത്തിയും കൊതുകുകളെ നിയന്ത്രിക്കാം. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പ്രാധാന്യത്തോടെ എല്ലാവരും പാലിക്കാന്‍ ശ്രദ്ധിക്കണം.

ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ ഓഫീസര്‍ ഡോ കെ.കെ. ഷിനി, ഉപജില്ലാ വിദ്യാഭ്യാസ മാധ്യമ ഓഫീസര്‍ കെ എം മുസ്തഫ, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് മിനു എബ്രഹാം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.പി. റിജു എന്നിവര്‍ ക്ലാസുകള്‍ എടുത്തു. നഗര പ്രാഥമികാരോഗ്യം മെഡിക്കല്‍ ഓഫീസര്‍ ഡോ അഖില്‍, എ ഡി എസ് ചെയര്‍പേഴ്സണ്‍ അംബുജം, ഡിവിഷന്‍ കണ്‍വീനര്‍ ഗംഗാധരന്‍ മുല്ലശ്ശേരി, ജെപിഎച്ച്എന്‍മാരായ ടി. സുബൈദ, കവിത, വി ബി ഡി കണ്‍സല്‍ട്ടന്റ് അക്ഷയ, ആര്‍ആര്‍ടി പ്രതിനിധികളായ റഷീദ്, ജിനീഷ് എന്നിവര്‍ സംസാരിച്ചു. 34-ാം ഡിവിഷനു കീഴിലെ വീടുകളില്‍ കൊതുകുകളുടെ ഉറവിട നശീകരണവും വെക്ടര്‍ സര്‍വെയും ബോധവല്‍ക്കരണ ലഘുലേഖാ വിതരണവും നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *