​ഗുജറാത്തിൽ മാധ്യമപ്രവർത്തകനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് കൊലപ്പെടുത്തി

സൂറത്ത്: സൂറത്ത് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകനെ പട്ടാപ്പകൽ കുടുംബത്തിന്റെ മുന്നിലിട്ട് കൊലപ്പെടുത്തി. ജുനെദ് ഖാൻ പത്താൻ (37) എന്ന മാധ്യമപ്രവർത്തകനെയാണ് ഭാര്യയ്ക്കും മൂന്ന് പെൺമക്കൾക്കൊപ്പം മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുമ്പോൾ കാർ കൊണ്ട് ഇടിച്ചുവീഴ്ത്തി കുത്തികൊലപ്പെടുത്തിയത്.

ഭാര്യയെയും, പത്ത്, നാല്, രണ്ടര വയസുള്ള പെൺമക്കളെയും കൂട്ടി ഷഹോപാർ വാദിൽ ഒരു ബന്ധുവിനെ സന്ദർശിക്കാൻ പോകുന്ന വഴിയിലാണ് ജുനെദിനെ കൊലപ്പെടുത്തിയത്. തിരക്കേറിയ ജില്ലാനി പാലത്തിൽ വച്ചാണ് പിന്നാലെ വന്ന കാർ ഇവരുടെ ബൈക്കിൽ ഇടിച്ചത്. തുടർന്ന് കുടുംബം ബൈക്കിൽ നിന്നും വീണു. പിന്നാലെയാണ് നാലുപേർ അടങ്ങിയ സംഘം കാറിൽ നിന്നും ഇറങ്ങി ജുനെദിനെ കുത്തികൊലപ്പെടുത്തിയത്. ജുനെദ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.

ജുനെദിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സൂറത്തിലെ ഒരു പ്രദേശിക വാരികയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ജുനെദിനെ കുത്തിയ കൊലപാതക സംഘം സംഭവസ്ഥലത്ത് നിന്നും ഉടൻ തന്നെ കടന്നുകളഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. വ്യക്തിപരമായ ശത്രുതയാണ് കൊലപാതക കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

സംശയിക്കുന്നവരുടെ പേരുകൾ കുടുംബം കൈമാറിയതായി പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് കൊലപാതകികൾക്കായി വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്

Share
അഭിപ്രായം എഴുതാം