റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിജാബ് വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയെന്ന് കോൺഗ്രസ്

February 15, 2022 - 8:11 am

ബം​ഗളൂരു: ഹിജാബ് നിരോധനത്തിനെതിരായ ഹർജികളിൽ നാളെയും കർണാടക ഹൈക്കോടതിയിൽ വാദം തുടരും. ഹിജാബ് നിരോധനത്തിൽ ഭരണഘടനാപരമായ വിഷയങ്ങൾ ഉള്ളതിനാൽ വിശദമായി പരിശോധിക്കാമെന്ന് ഇന്നത്തെ വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ നാളെ ഇക്കാര്യങ്ങളടക്കം കോടതിയിലുയരും. ഹിജാബ് നിരോധനത്തിൽ നാളെ വിധിയുണ്ടാകുമോയെന്നത് കാത്തിരിന്ന് കാണേണ്ടിവരും.

വിവിധ കോളേജുകളിലെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരിക്കുന്നത്. മതാചാര വസ്ത്രങ്ങൾ ധരിക്കണമെന്ന് വിദ്യാർത്ഥികൾ നിർബന്ധം പിടിക്കരുതെന്ന് കർണാടക ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. അന്തിമ വിധി വരുന്നത് ഹിജാബ് നിരോധനം തുടരണമെന്നും കോളേജുകൾ ഉടൻ തുറക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ കർണാടകയിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ഇന്ന് രണ്ട് ഇടങ്ങളിൽ പരീക്ഷ എഴുതിച്ചില്ല. കുടകിൽ 30 വിദ്യാർത്ഥിനികളെ പത്താം ക്ലാസ് മോഡൽ പരീക്ഷ എഴുതിക്കാതെ തിരിച്ചയച്ചു. ശിവമൊഗ്ഗയിൽ 13 വിദ്യാർത്ഥിനികൾ പരീക്ഷ ബഹിഷ്കരിച്ചു. ഹിജാബ് മാറ്റാതെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് അധ്യാപകർ നിലപാട് എടുക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥിനികൾ പരീക്ഷ ബഹിഷ്കരിച്ചത്.

അതേസമയം ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകൾ ഇന്ന് മുതൽ പുനരാരംഭിച്ചിരുന്നു. വൻ പൊലീസ് വിന്യാസത്തിലാണ് സ്കൂളുകൾ ഇന്ന് തുറന്നത്. ഹിജാബും ബുർഖയും ധരിച്ചെത്തിയവരെ സ്കൂളുകളുടെ പ്രധാന കവാടത്തിൽ വച്ച് അധ്യാപകർ തടഞ്ഞു. ഹിജാബും ബുർഖയും അഴിച്ചുമാറ്റിയ ശേഷമാണ് ഇവരെ ക്ലാസുകളിലേക്ക് അനുവദിച്ചത്. ഹിജാബ് ധരിച്ചവരെ പ്രവേശിപ്പിക്കാത്തിന്‍റെ പേരിൽ മാണ്ഡ്യയിലും ശിവമൊഗ്ഗയിലും രക്ഷിതാക്കളും അധ്യാപകരും തമ്മിൽ വാക്കേറ്റമുണ്ടായി. കേസിൽ അന്തിമ ഉത്തരവ് വരുന്നത് വരെ മതാചാരവസ്ത്രങ്ങൾ ധരിച്ചെത്തുന്നത് വിദ്യാർത്ഥികൾ ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

ഹിജാബ് നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കറുത്ത ബാഡ്ജ് ധരിച്ചാണ് കോൺഗ്രസ് അംഗങ്ങൾ ഇന്ന് നിയമസഭയിലെത്തിയത്. ഹിജാബ് വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയെന്ന് കോൺഗ്രസ് ആരോപിച്ചു. സമഗ്ര അന്വേഷണം വേണമെന്നും നിരോധന ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സഭയിൽ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് നീക്കം. കറുത്ത ബാഡ്ജ് ധരിച്ചാണ് കോൺഗ്രസ് അംഗങ്ങൾ സഭയിലെത്തിയത്.

അതേസമയം സംഘർഷ സാധ്യത കണക്കിലെടുത്ത് ഉഡുപ്പിയിൽ അടക്കം വിവിധയിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. മംഗളൂരു നഗരത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം 200 മീറ്റർ പരിധിയിൽ കൂട്ടം കൂടുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ആറു മണി മുതൽ ശനിയാഴ്ച വൈകുന്നേരം ആറുമണി വരെയാണ് നിരോധനാജ്ഞ. സർക്കാർ സ്ഥാപനങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കൽ, റാലികൾ നടത്തൽ, ആഹ്ളാദപ്രകടനങ്ങൾ എന്നിവയെല്ലാം നിരോധിച്ചിട്ടുണ്ട്. ഹിജാബ് – കാവി ഷാൾ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *