കോട്ടയം : അയല്‍ വാസിയുടെ പറമ്പിലൂടെ എടുത്തിരുന്ന വാട്ടര്‍ കണക്ഷന്‍ സ്ഥലം ഉടമ വിച്ഛേദിച്ചതിനെ തുടര്‍ന്ന് കുടിവെളളംമുട്ടി വൃദ്ധ ദമ്പതികള്‍. പാലാ ചെമ്പകശേരില്‍ രാമകൃഷ്‌ണനും ഭാര്യ ഓമനയുമാണ് കുടിവെളളത്തിനായി അധികൃതരുടെ വാതില്‍ മുട്ടുന്നത് . മഴപെയ്യുമ്പോള്‍ ശേഖരിക്കുന്ന വെളളവും 1300 രൂപ ചെലവില്‍ ആഴ്‌ചയിലൊരിക്കല്‍മാത്രം ലോറിയില്‍ കൊണ്ടുവരുന്ന വെളളവും മാത്രമാണിവര്‍ക്ക് ആശ്രയം. ഇവരുടെ വീട് ഒരു കുന്നിന്‍മുകളിലായതിനാല്‍ മറ്റ് പൊതുജലവിതരണ സംവിധാനങ്ങള്‍ ഇല്ല. വെളളവുമായി വരുന്ന വണ്ടി കയറാനും ബുദ്ധിമുട്ടാണ്. കഴിഞ്ഞ 30 വര്‍ഷങ്ങളായി ഇവര്‍ ഉപോയോഗിച്ചുകൊണ്ടിരുന്ന ജലവിതരണ പൈപ്പ് അയല്‍വാസി വിച്ഛേദിച്ചതോടയാണ് കുടിവെളളംം ബുദ്ധിമുട്ടിലായതെന്നാണ് ഇവരുടെ പരാതി.
75 വയസുളള രാമകൃഷ്‌ണനും ഭാര്യയുമടക്കം അഞ്ച് അംഗങ്ങളാണ് ആ വീട്ടില്‍ താമസം. ചെറിയൊരു ചായക്കടയാണ് ഇവരുടെ ഉപജീവനമാര്‍ഗം. അയല്‍വാസിയായിരുന്ന അന്തരിച്ച ശിവദാസനും രാമകൃഷ്‌ണനും ചേര്‍ന്ന് കരാര്‍ ഉണ്ടാക്കിയാണ് 1987 ല്‍ ഇവര്‍ വാട്ടര്‍ കണക്ഷനെടുത്ത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ സംയുക്തമായി ഉപയോഗിച്ചുവരികയായിരുന്നു. ശിവദാസന്റെ മരണശേഷം മകള്‍ ദീപ മറ്റൊരു വഴിയിലൂടെ വാട്ടര്‍ കണക്ഷനെടുത്തത്തതില്‍ പിന്നെയാണ് പ്രശനങ്ങള്‍ തുടങ്ങിയെതെന്ന് രാമകൃഷന്‍ പറയുന്നു .ദീപയും കുടുംബവും തങ്ങളുടെ പൈപ്പില്‍ നിന്നുളള വെളളം മോഷ്‌ടിക്കുന്നുവെന്നാരോപിച്ച് രാമകൃഷ്‌ണന്‍ വാട്ടര്‍ അതോരിറ്റിക്ക് പരാതി നല്‍കിയിരുന്നു. അവരുടെ പറമ്പില്‍ നിന്നും പൈപ്പുലൈന്‍ മാറ്റി സമീപത്തുളള പുറമ്പോക്കുഭൂമിയായ ഇടവഴിയിലേക്ക് മാറ്റിത്തരരണമെന്ന് വാട്ടര്‍ അതോരിറ്റിക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും അത് തങ്ങളുടെ ഭൂമിയാണെന്ന് ആരോപിച്ച ദീപയും ഭര്‍ത്താവും വാട്ടര്‍ അതോരിറ്റി ഉദ്യോഗസ്ഥരെ തിരിച്ചയച്ചിരുന്നുവെന്നും ജില്ലാകളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ രാമകൃഷന്‍ പറയുന്നു.
അതേസമയം തങ്ങളുടെ പറമ്പിലൂടെ നിയമ വിരുദ്ധമായാണ് രാമകൃഷ്‌ണനും കുടുംബവും പൈപ്പിട്ടിരിക്കുന്നതെന്നും വീട്ടുകാരില്ലാത്ത സമയത്ത് തങ്ങളുടെ സമ്മതമില്ലാതെയാണ് രാമകൃഷ്‌ണന്‍റെ കുടുംബം പൈപ്പിട്ടതെന്നും അതുകൊണ്ടുതന്നെ ആ പൈപ്പിന് നിയമ സാധുതയില്ല. മുനിസിപ്പാലിറ്റി റോഡിലൂടെ പൈപ്പ് വലിക്കാമെന്നിരിക്കെ തങ്ങളുടെ പറമ്പില്‍ നിന്നും പൈപ്പ് മാറ്റില്ലെന്ന വാശിയിലാണ് രാമകൃഷണനെന്നുമാണ് ദീപയും ഭര്‍ത്താവും അവകാശപ്പെടുന്നത്.



