പഞ്ചാബ് കോടതി സ്ഫോടനം ചാവേറാക്രമണമെന്നു സംശയിക്കുന്നതായി പോലീസ്

ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയില്‍ ജില്ലാക്കോടതി സമുച്ചയത്തിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരുക്ക്. ചാവേറാക്രമണമെന്നു സംശയിക്കുന്നതായി പോലീസ്. ജില്ലാക്കോടതി പ്രവര്‍ത്തിക്കുന്ന മൂന്നാംനിലയിലെ ശുചിമുറിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 12.22നായിരുന്നു സ്ഫോടനം. രണ്ടുപേര്‍ മരിച്ചെന്നു തുടക്കത്തില്‍ അഭ്യൂഹം പ്രചരിച്ചെങ്കിലും പിന്നീട് ഒരാളെന്നു സ്ഥിരീകരിച്ചു.

സ്ഫോടനത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും മനുഷ്യബോംബാണെന്നു സംശയിക്കുന്നതായും ലുധിയാന പോലീസ് കമ്മിഷണര്‍ ഗുര്‍പ്രീത് സിങ് ഭുള്ളര്‍ പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടയാള്‍തന്നെയാകാം ചാവേറെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. എന്‍.എസ്.ജി ബോംബ് സ്‌ക്വാഡും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) സംഘവും സംഭവ സ്ഥലത്ത് എത്തി. കോടതി നടക്കുന്നതിനിടെയുണ്ടായ വന്‍സ്ഫോടനത്തില്‍ ശുചിമുറിയുടെ ചുവരുകളും ജനാലകളും തകര്‍ന്നു. സംഭവത്തേത്തുടര്‍ന്നു കോടതി സമുച്ചയം പൂര്‍ണമായും പോലീസ് നിയന്ത്രണത്തതിലാണ്. അഗ്‌നിരക്ഷാസേന രക്ഷാപ്രവര്‍ത്തനം നടത്തി. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി.

Share
അഭിപ്രായം എഴുതാം