ഐപിഎല്‍ താര ലേലം ഫെബ്രുവരി 12,13 തീയതികളില്‍ നടക്കും.

ബംഗളുരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ 15-ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 12,13 തീയതികളില്‍ നടക്കും. ബംഗളുരുവിലാണു താര ലേലം നടക്കുകയെന്നു ബി.സി.സി.ഐ. ഫ്രാഞ്ചൈസികളെ അറിയിച്ചു.

ഐ.പി.എല്ലില്‍ ഇത്തവണ 10 ടീമുകളാണു മത്സരിക്കുന്നത്. ജനുവരിയില്‍ താരലേലം നടത്താനായിരുന്നു പദ്ധതി. പുതിയതായി എത്തിയ ലഖ്നൗ, അഹമ്മദാബാദ് ടീമുകളുമായി ബന്ധപ്പെട്ട കാര്യങ്ങളെത്തുടര്‍ന്ന് ലേലം വൈകി. സി.വി.സി. കാപ്പിറ്റല്‍ പാര്‍ട്ട്ണേഴ്സിനെ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ ഉടമസ്ഥരായി പ്രഖ്യാപിക്കാന്‍ വൈകുന്നതും കാരണമായി. ഇറ്റലിയിലെയും ബ്രസീലിലെയും വാതുവയ്പ്പ് കമ്പനികളുമായുള്ള സി.വി.സിയുടെ ഇടപാടുകളാണു വിലങ്ങുതടിയെന്നാണു സൂചന.
നിലവിലെ എട്ട് ഫ്രാഞ്ചൈസികളും നവംബറില്‍ തന്നെ നിലനിര്‍ത്തുന്ന താരങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. നിരവധി സൂപ്പര്‍ താരങ്ങളാണ് ലേലത്തിലെത്തുക. ലോകേഷ് രാഹുല്‍, ഡേവിഡ് വാര്‍ണര്‍, ഇഷാന്‍ കിഷന്‍, ജോണി ബെയര്‍സ്റ്റോ, റാഷിദ് ഖാന്‍, ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, ട്രെന്റ് ബോള്‍ട്ട്, ക്വിന്റണ്‍ ഡി കോക്ക്, ആര്‍. അശ്വിന്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ലേലത്തിലേക്കെത്തുന്നത്.

പരമാവധി നാല് താരങ്ങളെയാണു നിലനിര്‍ത്താന്‍ അവസരമുണ്ടായിരുന്നത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ നാലു പേരെ വീതം നിലനിര്‍ത്തി. രാജസ്ഥാന്‍ റോയല്‍സ്, സണ്‍ റൈസേഴ്സ് ഹൈദരാബാദ്, ബാം ൂര്‍ റോയല്‍ ചലഞ്ചേഴ്സ് ടീമുകള്‍ മൂന്ന് താരങ്ങളെ വീതം നിലനിര്‍ത്തി. പഞ്ചാബ് കിങ്സ് രണ്ട് താരങ്ങളെയാണു നിലനിര്‍ത്തിയത്.
പല ടീമുകളും വലിയ പൊളിച്ചെഴുത്താണ് ലക്ഷ്യം വയ്ക്കുന്നത്. ലഖ്നൗ പരിശീലകനായി സിംബാബ്വേയുടെ മുന്‍ താരം ആന്‍ഡി ഫ്ളവറേയും ഉപദേഷ്ടാവായി ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീറിനെയും ഇതിനോടകം നിയമിച്ചു. 18 നും 24 നും ഇടയില്‍ അംഗങ്ങളാണ് ഓരോ ടീമിലും വേണ്ടത്.പുതിയ ടീമുകളുടെ വരവോടെ കൂടുതല്‍ താരങ്ങള്‍ക്കും ഐപിഎല്ലില്‍ അവസരം ലഭിക്കും. മുംബൈയും സൂപ്പര്‍ കിങ്സും അടിത്തറ നിലനിര്‍ത്തിയാണ് ലേലത്തെ നേരിടുന്നത്. ചെന്നൈ നായകന്‍ എം.എസ്. ധോണിയെ നിലനിര്‍ത്തി. രവീന്ദ്ര ജഡേജ, മോയിന്‍ അലി,ഋതുരാജ് ഗെയ്ക്വാദ് എന്നിവരിലും സി.എസ്.കെ. വിശ്വാസം അര്‍പ്പിച്ചു.ഫാഫ് ഡു പ്ലെസിസ്, ഡ്വെയ്ന്‍ ബ്രാവോ, സുരേഷ് റെയ്ന എന്നിവരെ കൈവിട്ടു. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, കെയ്റോണ്‍ പൊള്ളാഡ്, സൂര്യകുമാര്‍ യാദവ് എന്നിവരെയാണു മുംബൈ നിലനിര്‍ത്തിയത്. ഇഷാന്‍ കിഷനെ ഒഴിവാക്കിയത് അപ്രതീക്ഷിത നീക്കമായി. രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണ്‍, യശ്വസി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍ എന്നിവരെ നിലനിര്‍ത്തി.ബെന്‍ സ്റ്റോക്സ്, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരെ ഒഴിവാക്കി. വിരാട് കോഹ്ലി നായകസ്ഥാനം ഒഴിഞ്ഞതോടെ ആര്‍.സി.ബിയിലേക്കും ആകാംക്ഷ നീളുന്നു. യുസ്വേന്ദ്ര ചാഹലിനെയും ദേവ്ദത്ത് പടിക്കലിനെയും ഒഴിവാക്കിയതും അപ്രതീക്ഷിത നീക്കമായി. ശ്രേയസ് അയ്യരെ ആര്‍.സി.ബി. ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന. ഋഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, പൃഥ്വി ഷാ, ആന്റിച് നോര്‍ടിയ എന്നിവരെ ഡല്‍ഹി നിലനിര്‍ത്തി. ഹൈദരാബാദിന് അടിമുടി മാറ്റങ്ങള്‍ നടത്തേണ്ടതായി വരും. പ്രമുഖ താരമായി കെയ്ന്‍ വില്യംസണ്‍ മാത്രമാണുള്ളത്. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍ എന്നിവരെയെല്ലാം വിട്ടു. മായങ്ക് അഗര്‍വാളിനെയും അര്‍ഷദീപ് സിങ്ങിനെയും മാത്രമാണു പഞ്ചാബ് നിലനിര്‍ത്തിയത്.

Share
അഭിപ്രായം എഴുതാം