സ്പെഷ്യൽ റിപ്പോര്‍ട്ട്
പി. മുരളീധരൻ കരിവെള്ളൂർ

നീല നദിയിലെ ചൂണ്ടക്കാരൻ

December 10, 2021 - 8:16 pm

ഡാന്യൂബ് ഒളിപ്പിച്ചു വെച്ച ഏറ്റവും വലിയ മത്സ്യത്തെ പിടിക്കുക എന്നതാണ് ആ ചൂണ്ടക്കാരന്റെ ജീവിത ലക്ഷ്യം.

രാജ്യാതിർത്തിയിലുള്ള നദിയോരത്തെ വീട്ടിൽ ഏകാന്തതയിൽ മിണ്ടിപ്പറയാൻ അരുമയായി വളർത്തുന്ന നായ മാത്രം!

പതിവു തെറ്റിക്കാതെ എന്നും തന്റെ മോട്ടോർ എഞ്ചിൻ ഘടിപ്പിച്ച കൊച്ചു വള്ളത്തിൽ തല നരച്ച ആ മനുഷ്യൻ ശാന്തമായൊഴുകുന്ന ഡാന്യൂബിലേക്കു പോകും.

നീല നദിയുടെ ആഴങ്ങളിലുള്ള ഭീമൻ മത്സ്യത്തെ പിടിക്കാൻ അയാൾ തന്റെ ജീവിതം ചിലവഴിക്കുന്നു. ചൂണ്ടയിൽ ഇര കോർത്ത് പുഴയാഴങ്ങളിലേക്കെറിഞ്ഞ് ക്ഷമയോടെ അയാൾ കാത്തിരിക്കും.

വഞ്ചിയിൽ തടിച്ച മരവടി കൊണ്ടു കൊട്ടി മീനുകളെ ആകർഷിക്കുന്ന പ്രാചീന മത്സ്യ ബന്ധന രീതിയാണ് അയാൾ പിന്തുടരുന്നത്.

കുഞ്ഞുമീനുകൾ കൊത്തിയാൽ അവയെ സ്നേഹത്തോടെ മുത്തശ്ശി മീനുകളുടെ അരികിലേക്ക് പറഞ്ഞു വിടും ആ ചൂണ്ടക്കാരൻ.ഡാന്യൂബിലെ മീൻപിടിത്തക്കാർ വിചിത്രസ്വഭാവമുള്ള ചൂണ്ടക്കാരനെ കളിയാക്കി ചിരിക്കും!

ഡാന്യൂബിന്റെ അഗാധതയിലെ ഭീമൻ മത്സ്യത്തെ കണ്ടുമുട്ടുന്ന നാളിനായി അയാൾ കാത്തിരുന്നു.

ഡിസംബർ 9ന് തിരുവനന്തപുരത്ത് ആരംഭിച്ച അന്തർദ്ദേശീയ ഡോക്യുമെന്ററി- ഷോർട്ട് ഫിലിം ഫെസിറ്റിവലിലെ ആദ്യ ദിനം പ്രദർശിപ്പിച്ച ഇവാൻ മിലോ സേവിച്ച് സംവിധാനം ചെയ്ത ഇരുപതു മിനിറ്റ് ദൈർഘ്യമുള്ള ‘ബ്ലൂ ഫ്രോണ്ടിയർ ‘ എന്ന സെർബിയൻ ചിത്രം അസാധാരണമായ ദൃശ്യാനുഭവം പകർന്നു.

ഏണസ്റ്റ് ഹെമിങ്ങ് വേയുടെ ‘കിഴവനും കടലും ‘ എന്ന കൃതിയിലെ സാന്റിയാഗോ മുക്കുവനെ ഓർമ്മിപ്പിച്ചു ഡാന്യൂബിലെ ചൂണ്ടക്കാരൻ.

ഒരു ലക്ഷ്യത്തിനു വേണ്ടി ദൃഢനിശ്ചയം ചെയ്ത് അലറുന്ന കടലിനോടും കടലാഴങ്ങളിലെ ഭീമൻ മത്സ്യത്തോടും പൊരുതുന്ന സാന്റിയാഗോവിനെപ്പോലെ തളരാത്ത ഇച്ഛാശക്തിയുടെ പ്രതീകമാണ് ഈ ചിത്രത്തിലെ ചൂണ്ടക്കാരൻ.

കണ്ണൂർ -കാസർകോട് ജില്ലകളെ അതിരിട്ടൊഴുകുന്ന കവ്വായിപ്പുഴയും മറ്റു നാലു നദികളും ചെന്നു ചേരുന്ന ഉത്തര കേരളത്തിലെ വലിയ ജലാശയമാണ് കവ്വായിക്കായൽ. വിശേഷപ്പെട്ട മത്സ്യങ്ങളായ ചെമ്പല്ലിയും നെടുംചൂരിയും നിറഞ്ഞ കണ്ടൽക്കാടുകളുടെ കേദാരമാണിവിടം.

ചെമ്പല്ലിയെ പിടിക്കാൻ പ്രത്യേക കഴിവുണ്ടയാൾക്ക്. എല്ലാവരും അയാളെ ‘ചെമ്പല്ലി അമ്പു’ എന്നു വിളിച്ചു. ചുണ്ടിൽ എരിയുന്ന ബീഡിയുമായി കൊതുമ്പുവള്ളത്തിൽ ഏകാന്തനായി തുഴഞ്ഞു പോകുന്ന അമ്പു ഏട്ടൻ
മനസ്സിന്റെ തിരശ്ശീലയിൽ തെളിഞ്ഞു വന്നു.

ചെമ്പല്ലിയും അമ്പു ഏട്ടനും വർഷങ്ങളിലൂടെ സ്ഥാപിച്ചെടുത്ത ആത്മബന്ധം കരയിലെ മനുഷ്യർക്ക് മനസ്സിലാകണമെന്നില്ല.

കായലാഴങ്ങളിൽ എവിടെയാണ് ചെമ്പല്ലിയിരിക്കുന്നതെന്ന് അമ്പു ഏട്ടൻ അകക്കണ്ണു കൊണ്ടു കാണും.

മട്ടക്കണ ( തെങ്ങിൻ മടൽ ചെത്തിയുണ്ടാക്കുന്ന തുഴ) തുഴയാക്കി കൊതുമ്പുവള്ളം തുഴഞ്ഞു പോകുന്ന ആ മീൻപിടിത്തക്കാരൻ!

ചൂണ്ടയിൽ സ്നേഹത്തോടെ കൊത്തുന്ന ചെമ്പല്ലിയെ, കിട്ടിയ വിലയ്ക്കു വിറ്റ് അതിനത്രയും നാട്ടുചാരായം മോന്തി മാവിലാകടപ്പുറത്തെ തെങ്ങിൻ തണലിലെ പഞ്ചാരമണലിൽ മലർന്നു കിടന്ന് മനോരാജ്യം കാണുന്ന ചെമ്പല്ലി അമ്പു!
അധികമാരോടും മിണ്ടാത്ത ആ ഏകാന്തപഥികൻ മിണ്ടിപ്പറയുന്നത് ചെമ്പല്ലിയോടും നിലാവിനോടും നക്ഷത്രങ്ങളോടും മാത്രം!

യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണ് ഡാന്യൂബ്.ബ്ലാക്ക് ഫോറസ്റ്റിൽ നിന്ന് ഉത്ഭവിച്ച് വിവിധ രാജ്യങ്ങളെ തലോടി 2850 കിലോമീറ്റർ പിന്നിട്ട് കരിങ്കടലിൽ പതിക്കുന്ന മഹാനദി.

സാൽമൺ, ഹൂച്ചോ തുടങ്ങിയ വിശേഷപ്പെട്ട മത്സ്യങ്ങളാൽ സമ്പന്നമായ നദിയാണ് ബ്ലൂ ഡാന്യൂബ്.

നീല നദിയിലെ ഏകാന്തനായ ചൂണ്ടക്കാരന്റെ മീൻ കൊട്ട്, മരതക ജലാശയമായ കവ്വായിക്കായലിൽ വന്നലയ്ക്കുന്നതു പോലെ!

ഡാന്യൂബിലെ ചൂണ്ടക്കാരൻ മീനിനെ ആകർഷിക്കാൻ മരവടി കൊണ്ടു മുട്ടുമ്പോൾ കവ്വായിക്കായലിലെ കപ്പക്കടവത്ത് അമ്പു ഏട്ടൻ മരക്കട്ട കൊണ്ട് വഞ്ചിയിൽ മുട്ടി ഏട്ടയെ പിടിക്കുന്ന പ്രാചീന മത്സ്യ ബന്ധന രീതിയാണ് തെളിഞ്ഞു വന്നത്.

ഡാന്യൂബ് നദിയും കവ്വായിക്കായലും എവിടെയോ സംഗമിക്കുന്നു!
ഡാന്യൂബിലെ ചൂണ്ടക്കാരനും ചെമ്പല്ലി അമ്പുവും മുഖാമുഖം കാണുന്നു!

അവർ കാണുന്ന സ്വപ്നങ്ങളും അവരുടെ ജീവിത ലക്ഷ്യവും സ്ഥിതപ്രജ്ഞരായവർക്ക് വിശകലനം ചെയ്യാനാവില്ല.

ഡാന്യൂബിലെ മീൻപിടിത്തക്കാർ ചൂണ്ടക്കാരനെ പരിഹസിച്ചതുപോലെ
മാവിലാടത്തെ സമനിലക്കാരിൽ ചിലർ കളിയാക്കിപ്പറഞ്ഞു;
” പിരാന്തനമ്പു;ചെമ്പല്ലി അമ്പു “!

ഡാന്യൂബിലെ സൂര്യോദയവും ശാന്തമായ നീലജലാശയവും മീനിനെ പിടിക്കാനുള്ള താളാത്മാകമായ മുട്ടലും പ്രേക്ഷകനിൽ അസാധാരണ അനുഭവമായി നിറയുന്നു.
സിനിമ കണ്ടു പുറത്തിറങ്ങിയിട്ടും അതിന്റെ താളം കാതിൽ അലയടിക്കുന്നു!

Share
samadarsi1@gmail.com'

About പി. മുരളീധരൻ കരിവെള്ളൂർ

View all posts by പി. മുരളീധരൻ കരിവെള്ളൂർ →

Leave a Reply

Your email address will not be published. Required fields are marked *