ഇടുക്കി: തൊടുപുഴ മാസ്റ്റര്‍ പ്ലാന്‍ സ്റ്റേ ചെയ്യുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും: ജില്ലാ ആസൂത്രണ സമിതി

ഇടുക്കി: തൊടുപുഴ മാസ്റ്റര്‍ പ്ലാന്‍ സ്റ്റേ ചെയ്യുന്നതിനായി സര്‍ക്കാരിനോട് ആവശ്യപ്പെടുവാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന ആശങ്കകളും, നിര്‍ദ്ദേശങ്ങളും പരിഗണിച്ച് മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌കരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗമാണ് തീരുമാനമെടുത്തത്.  ജില്ലാ കളക്ടര്‍  ഷീബ ജോര്‍ജജ്, സര്‍ക്കാര്‍ നോമിനി കെ. ജയ, ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, അംഗങ്ങളായ  ഡി. കുമാര്‍, പ്രൊഫ. എം.ജെ ജേക്കബ്, ഇന്ദു സുധാകരന്‍, ഷൈനി സജി, ജില്ലാ പ്ലാനിംഗ് ആഫീസര്‍ ഡോ. സാബു വര്‍ഗ്ഗീസ്, ടൗണ്‍ പ്ലാനര്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു.  പൊതു നിരത്തുകളുടെ  വീതി, കൃഷിയിടങ്ങള്‍, വാണിജ്യാവശ്യത്തിനുളള സ്ഥലങ്ങള്‍ എന്നിവ സംബന്ധിച്ച മാസ്റ്റര്‍ പ്ലാനിലെ നിര്‍ദ്ദേശങ്ങള്‍ യുക്തിസഹമായിരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.  

വാര്‍ഷിക പദ്ധതി ഭേദഗതി സമര്‍പ്പിച്ച 12 തദ്ദേശഭരണസ്ഥാപനങ്ങളുടെ പുതുക്കിയ പദ്ധതിയും യോഗം അംഗീകരിച്ചു.  നീതി ആയോഗിന്റെ ദാരിദ്ര്യ സൂചികയില്‍ സംസ്ഥാനത്ത് ജില്ലയുടെ സ്ഥാനം പിന്നിലാണെന്ന് യോഗം വിലയിരുത്തി.  സുസ്ഥിരം വികസന ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനായി വകുപ്പുകളും തദ്ദേശഭരണസ്ഥാപനങ്ങളും ലക്ഷ്യബോധത്തോടെ പരിപാടികള്‍ ആവിഷ്‌കരിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.  ജില്ലയുടെ വികസന മേഖലയിലെ നിലവിലെ സ്ഥിതി വിവരം സമഗ്രമായി ശേഖരിക്കാനും ബാലസൗഹൃദ ജില്ലയെന്ന നേട്ടം കൈവരിക്കുന്നതിനായി പരിപാടികള്‍ ആവിഷ്‌കരിക്കുവാനും യോഗം തീരുമാനിച്ചു.  ജില്ലാ ആസൂത്രണ സമിതിക്കും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ സപ്പോര്‍ട്ട് നല്‍കുന്നതിനായി സന്നദ്ധതയുളള വിദഗ്ധരെയും അക്കാദമിക സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി  ജില്ലാ റിസോഴ്‌സ് സെന്റര്‍ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →