ന്യൂഡല്‍ഹി: കര്‍ഷക സമരത്തിലേക്ക് വാഹനം കയറ്റി എട്ടു പേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെയും ജസ്റ്റിസ് സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഒക്ടോബര്‍ 26ന് കേസ് പരിഗണിച്ച കോടതി കേസിലെ സാക്ഷികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.തെളിവെടുപ്പും സാക്ഷിമൊഴി രേഖപ്പെടുത്തലും വേഗത്തിലാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കര്‍ഷക പ്രതിഷേധത്തിനിടെ നടന്ന ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ അടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സിബിഐയെ ഉള്‍പ്പെടുത്തി ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതിയതിന് പിന്നാലെയാണ് ലഖിംപൂര്‍ ഖേരി വിഷയം സുപ്രീം കോടതി പരിഗണിക്കുന്നത്.കേസിലെ 68 സാക്ഷികളില്‍ 30 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചില സാക്ഷിമൊഴികള്‍ കൂടി രേഖപ്പെടുത്തുമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഒക്ടോബര്‍ 26ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 30 സാക്ഷികളില്‍ 23 പേരും തങ്ങള്‍ ദൃക്‌സാക്ഷികളാണെന്നും പൊലീസ് പറഞ്ഞിരുന്നു.
ലഖിംപൂര്‍ ഖേരി കേസ് ഇന്ന് സുപ്രീം കോടതിയില്‍
