ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള എൻഡോസൾഫാൻ കാസർകോട് ജില്ലയിൽ തന്നെ നിർവീര്യമാക്കാനുള്ള തീരുമാനം മരവിപ്പിച്ച് ജില്ലാ ഭരണകൂടം

കാസർകോട്: പ്ലാന്റേഷൻ കോർപ്പറേഷന്റെ ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള എൻഡോസൾഫാൻ കാസർകോട് ജില്ലയിൽ തന്നെ നിർവീര്യമാക്കാനുള്ള തീരുമാനം ജില്ലാ ഭരണകൂടം മരവിപ്പിച്ചു.

കീടനാശിനി നിർവീര്യമാക്കുന്നത് പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാനാണ് തീരുമാനം. വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ പരിശോധിച്ചാവും ഇനി കീടനാശിനി നിർവീര്യമാക്കുക.

പ്ലാന്റേഷൻ കോർപ്പറേഷന്റെ കാസർകോട് ജില്ലയിലെ മൂന്ന് ഗോഡൗണുകളിലായി സൂക്ഷിച്ചിട്ടുള്ള 1438 ലിറ്റർ എൻഡോസൾഫാൻ ജില്ലയിൽ തന്നെ നിർവീര്യമാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് ഈ തീരുമാനം പുന:പരിശോധിക്കാൻ ജില്ലാ ഭരണകൂടം തയ്യാറായത്.

കീടനാശിനി കൈകാര്യം ചെയ്യുന്നതിനുള്ള നിയമം പരിശോധിച്ച് വിദഗ്ധ സമിതിയെ നിശ്ചയിക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗം തീരുമാനിച്ചു.

കീടനാശിനി എങ്ങനെ, എപ്പോൾ നിർവീര്യമാക്കണം തുടങ്ങിയ കാര്യങ്ങൾ വിദഗ്ധ സമിതി ചർച്ചചെയ്യും. സമിതി ജില്ലാ ഭരണകൂടത്തിനു റിപ്പോർട്ട് സമർപ്പിക്കും. സമിതിയുടെ നിർദ്ദേശങ്ങൾ അനുസരിച്ചാവും എൻഡോസൾഫാൻ നിർവീര്യമാക്കുക.

കാർഷിക സർവകലാശാലയുടെ പദ്ധതി പ്രകാരം എൻഡോസൾഫാൻ നിർവീര്യമാക്കാനായിരുന്നു നേരത്തെ ജില്ലാ ഭരണകൂടത്തിന്റെ നീക്കം.

Share
അഭിപ്രായം എഴുതാം