റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം-എ. എം ആരിഫ് എം. പി

September 20, 2021 - 8:32 pm

ആലപ്പുഴ: ആലപ്പുഴ പ്രാദേശിക വികസന ഫണ്ടില്‍നിന്നുള്ള തുക ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് സാങ്കേതിക തടസങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിഹിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് എ. എം ആരിഫ് എം. പി. പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചു നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്റ്റിമേറ്റ് എടുക്കുന്നതില്‍ ഉള്‍പ്പെടെ കാലതാമസം ഒഴിവാക്കണം.
അനുമതി ലഭിക്കുന്ന പദ്ധതികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം -എം.പി. പറഞ്ഞു. 

2019-20 വര്‍ഷത്തെ  പ്രാദേശിക വികസന ഫണ്ടില്‍ നിന്നും എ. എം ആരിഫ് എംപി 68.13 ശതമാനം തുകയും വിനിയോഗിച്ചു. പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്ത 18 പ്രവൃത്തികളില്‍ എട്ടെണ്ണം പൂര്‍ത്തീകരിച്ചു. 

കോവിഡ് പ്രത്യേക പ്രോജക്ടുകള്‍ക്ക് പ്രാധാന്യം നല്‍കി കായംകുളം താലൂക്ക് ആശുപത്രിക്കായി രണ്ടും (12,20,000 രൂപ), വണ്ടാനം മെഡിക്കല്‍ കോളേജിനായി മൂന്നും(18,31,000 രൂപ)  പോര്‍ട്ടബിള്‍ വെന്‍റിലേറ്ററുകള്‍ നല്‍കിയിട്ടുണ്ട്. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനായി 20 ലക്ഷം രൂപ ചെലവില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന സംവിധാനം ഒരുക്കി. മൂന്ന് റോഡ് നിര്‍മ്മാണ പദ്ധതികളും പട്ടണക്കാട് മിനി മാസ്സ് ലൈറ്റ് അനുവദിച്ചതുമടക്കമുള്ള വികസന പദ്ധതികളും നടപ്പാക്കി. 

പട്ടികജാതി വിഭാഗത്തിനായുള്ള ആറു പദ്ധതികള്‍ക്കായി 96.11 ലക്ഷം രൂപയാണ് എംപി ഫണ്ടില്‍ നിന്നും നീക്കി വെച്ചത്. ജില്ലയിലെ വിവിധ ബ്ലോക്കുകളുടെ പരിധിയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്കായി ഏഴ് ആംബുലന്‍സും പാലിയേറ്റീവ് കെയറിനായി ഒരു ആംബുലന്‍സും എംപി ഫണ്ടില്‍ നിന്നും  അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. 

ജില്ലയിലെ നാലു റെയില്‍വേ സ്റ്റേഷനുകളിലേക്കുള്ള റോഡു നിര്‍മ്മാണത്തിനും തുക അനുവദിച്ചിട്ടുണ്ട്. ആലപ്പുഴ (40 ലക്ഷം ), മാരാരിക്കുളം (15 ലക്ഷം ), ഹരിപ്പാട് (10 ലക്ഷം), അമ്പലപ്പുഴ (10 ലക്ഷം ) എന്നിങ്ങനെയാണ് എന്നീ റെയില്‍വേ സ്റ്റേഷനുകളിലേക്കാണ് റോഡുകള്‍ നിര്‍മിക്കുക.

ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, ജില്ല വികസന കമ്മീഷണര്‍ കെ. എസ്. അഞ്ജു, ജില്ല പ്ലാനിംഗ് ഓഫീസര്‍ എസ്. സത്യപ്രകാശ്, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ  ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *