പാരീസ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് മത്സരത്തിലൂടെ ബാഴ്സലോണയില്‍നിന്നു കൂടുമാറിയെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ രണ്ടാം അരങ്ങേറ്റം നാളെ നടക്കും.നാളെ 12.30 മുതല്‍ നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്ന്‍ ബെല്‍ജിയത്തിലെ ക്ലബ് ബ്രൂഗിനെ നേരിടും.ബ്രൂഗിന്റെ തട്ടകമായ യാന്‍ ബ്രൈഡല്‍സ്റ്റേഡിയോണില്‍ നടക്കുന്ന മത്സരത്തില്‍ മെസി കളിക്കുമെന്നാണു കോച്ച് മൗറീസിയോ പൊച്ചെറ്റീനോ നല്‍കുന്ന സൂചന. 2019-20 സീസണിലും പി.എസ്.ജിയും ക്ലബ് ബ്രൂഗും ഒരേ ഗ്രൂപ്പിലായിരുന്നു. 6-0 ത്തിന്റെ അഗ്രഗേറ്റ് ഗോളില്‍ പി.എസ്.ജി. ബ്രൂഗിനെ മറികടന്നിരുന്നു. ബെല്‍ജിയം ടീമുകള്‍ക്കെതിരേ പി.എസ്.ജിക്കു മികച്ച റെക്കോഡാണ്. ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ നടന്ന ആറ് മത്സരങ്ങളില്‍ അഞ്ചിലും ജയവും ഒരു സമനിലയും കുറിച്ചു. 21 ഗോളുകളടിച്ച അവര്‍ ഒരു ഗോള്‍ മാത്രമാണു വഴങ്ങിയത്. കഴിഞ്ഞ സീസണിലെ എവേ മത്സരത്തില്‍ പി.എസ്.ജി. 5-0 ത്തിനാണു ജയിച്ചത്. കഴിഞ്ഞ 32 ഗ്രൂപ്പ് മത്സരങ്ങളില്‍ ഒരു ഗോളെങ്കിലും കുറഞ്ഞത് അടിച്ചിടാന്‍ പി.എസ്.ജിക്കായി. മെസിയുടെ വരവോടെ ഗോളടി മികവ് കൂടുമെന്നാണു മൗറീസിയോ പൊച്ചെറ്റീനോയുടെ പ്രതീക്ഷ.
ഇന്ത്യന്‍ സമയം രാത്രി 10.15 മുതല്‍ നടക്കുന്ന മത്സരങ്ങളില്‍ സെവിയ സാല്‍സ്ബര്‍ഗിനെയും യങ് ബോയ്സ് മുന്‍ ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും നേരിടും. പുലര്‍ച്ചെ 12.30 മുതല്‍ നടക്കുന്ന മത്സരങ്ങളില്‍ ബാഴ്സലോണ ബയേണ്‍ മ്യൂണിക്കിനെയും ചെല്‍സി സെനിറ്റ് സെന്റ് പീറ്റേഴ്സ്ബര്‍ഗിനെയും നേരിടും. ഡൈനാമോ കീവ്- ബെനഫിക, ലിലി- വൂള്‍ഫ്സ്ബര്‍ഗ്, മാല്‍മോ എഫ്.എഫ്.- യുവന്റസ്, വിയ്യാ റയാല്‍ – അറ്റ്ലാന്റ് മത്സരങ്ങളും ഇന്നാണ്. മത്സരങ്ങള്‍ സോണി ടെന്‍ 2, സോണി ടെന്‍ 2 എച്ച്.ഡി. എന്നീ ചാനലുകളിലും ഓണ്‍ ലൈനായി സോണി ലിവ്, യുവേഫ വെബ്സൈറ്റ് എന്നിവയിലും തത്സമയം കാണാം.
മിശിഹയുടെ രണ്ടാം അരങ്ങേറ്റം ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് മല്‍സരത്തില്‍
