ന്യൂഡല്‍ഹി: കേരളം അടക്കമുള്ള കോവിഡ് ബാധിത സംസ്ഥാനങ്ങളിലെ നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റിനല്‍കണമെന്ന ഒന്‍പതു ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.എല്ലാവരും എല്ലായിടത്തേക്കും യാത്രചെയ്യുന്നുണ്ടെന്നും എല്ലാ വിമാനങ്ങളും നിറഞ്ഞിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. നാളെയാണ് അഖിലേന്ത്യ മെഡിക്കല്‍ പി.ജി. പ്രവേശനപരീക്ഷയില്‍ (നീറ്റ് പിജി).കോവിഡ് മഹമാരിയുടെ രൂക്ഷത മുമ്പത്തേതുപോലെ ഇല്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, ജീവിതം സാധാരണനിലയില്‍ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ യു.യു. ലളിത്, എസ്.രവീന്ദ്ര ഭട്ട്, ബെല എം.ത്രിവേദി എന്നിവരുടെ ഉത്തരവ്.
ഹര്‍ജി നല്‍കിയ ഒന്‍പതു ഡോക്ടര്‍മാരില്‍ നാലുപേര്‍ക്ക് ഒന്നുകില്‍ കേരളത്തിലോ അല്ലെങ്കില്‍ കേരളത്തില്‍നിന്നു പുറത്തുപോയോ ആണ് പരീക്ഷ എഴുതേണ്ടത്. ഹര്‍ജിക്കാരില്‍ ഒരാളായ ഡോക്ടറെ കോവിഡ് ഡ്യൂട്ടിക്കായി വാരാണസിയിലാണ് ചുമതലപ്പെടുത്തിയിരുന്നത്. അവിടെ കോവിഡ് നിയന്ത്രണാധീനമാണ്. എന്നാല്‍, നീറ്റ് പി.ജി. പരീക്ഷ എഴുതേണ്ടത് കേരളത്തിലാണ്. മറ്റു പരാതിക്കാര്‍ക്ക് ഡല്‍ഹി, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലേക്കാണ് പോകേണ്ടത്.

