കോഴിക്കോട്: കുന്നമംഗലം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ജലഗുണനിലവാര പരിശോധനാ ലാബിന്റെ ഉദ്ഘാടനം പി.ടി.എ.റഹീം എം എല്‍ എ നിര്‍വ്വഹിച്ചു. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും കെമിസ്ട്രി ലാബ് ലഭ്യമായിട്ടുള്ള 11 ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും ഘട്ടം ഘട്ടമായി പദ്ധതി വ്യാപിപ്പിക്കുമെന്ന് എംഎല്‍എ പറഞ്ഞു.
ഹയര്‍ സെക്കണ്ടറി സ്‌ക്കൂളുകളിലെ കെമിസ്ട്രി ലാബുകള്‍ പ്രയോജനപ്പെടുത്തി ഹരിത കേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ എം.എല്‍.എ മാരുടെ പ്രത്യേക വികസന നിധിയില്‍ നിന്നും തുക ചെലവഴിച്ച് ജലഗുണനിലവാര പരിശോധന ലാബുകള്‍ സ്ഥാപിച്ചു വരികയാണ്.
ജില്ലയില്‍ നിലവില്‍ ബേപ്പൂര്‍, കോഴിക്കോട് സൗത്ത്, കുന്ദമംഗലം, കൊയിലാണ്ടി എന്നീ നാല് മണ്ഡലങ്ങളിലായി 12 ലാബുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇതോടൊപ്പം തിരുവമ്പാടി മണ്ഡലത്തില്‍ രണ്ട് സ്‌കൂള്‍, ബാലുശ്ശേരി മണ്ഡലത്തില്‍ അഞ്ച് സ്‌കൂള്‍, പേരാമ്പ്ര മണ്ഡലത്തില്‍ 10 സ്‌കൂള്‍ എന്നിവിടങ്ങളിലും ലാബ് സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ഇവ കൂടി പൂര്‍ത്തീകരിക്കുമ്പോള്‍ ജില്ലയില്‍ ആകെ 29 ജല ഗുണനിലവാര പരിശോധനാ ലാബുകള്‍ സജ്ജമാകും.
ജലശുദ്ധിയുമായി ബന്ധപ്പെട്ട് ഈ ലാബുകളില്‍ പ്രധാനമായും പരിശോധിക്കുന്നത് ജലത്തിന്റെ നിറം, ഗന്ധം, പി.എച്ച് മൂല്യം, വൈദ്യുത ചാലകത/ ലവണ സാന്നിദ്ധ്യം, ലയിച്ചു ചേര്‍ന്നിട്ടുള്ള ഖര പദാര്‍ത്ഥങ്ങളുടെ അളവ്, നൈട്രേറ്റിന്റെ അളവ്, അമോണിയയുടെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം എന്നിവയാണ്. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ജലഗുണനിലവാര പരിശോധന ലാബുകളുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.
ചടങ്ങില്‍ കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി മുഖ്യാതിഥിയായി പങ്കെടുത്തു. ഹരിതകേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ധനീഷ്‌ലാല്‍, കുന്നമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍, കുന്നമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കൗലത്ത്.പി, കുന്നമംഗലം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ . കല.ഒ, ഹെഡ്മാസ്റ്റര്‍ പ്രേമരാജന്‍.വി, പിടിഎ പ്രസിഡന്റ് ശ്രീ.ജയപ്രകാശന്‍.ടി, അധ്യാപിക ലേഖ.പി.ആര്‍, അധ്യാപകൻ രാജ് നാരായണന്‍.ടി, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായ രാജേഷ്.എ, ജസ്‌ലിന്‍.പി.കെ, അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.