ന്യൂഡല്‍ഹി : പൊതുതാല്‍പര്യമുളള വിഷയങ്ങളില്‍ ലഭിക്കുന്ന കത്തുകളും നിവേദനങ്ങളും അപേക്ഷയായി പരിഗണിച്ച് ഉത്തരവിറക്കാന്‍ ഹരിത ട്രിബ്യൂണലിന് അധികാരമില്ലേയെന്ന് സുപ്രീം കോടതി. ക്വാറി ദൂരപരിധി നിശ്ചയിച്ച ഹരിത ട്രിബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ക്വാറി ഉടമകള്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഹരിത ട്രിബ്യൂണല്‍ ഉ്‌ത്തരവിനെതിരെ സര്‍ക്കാരും ക്വാറി ഉടമകളും നല്‍കിയ ഹര്‍ജികളില്‍ വാദം തുടരും.
ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് ക്വാറി ദൂരപരിധി സംബന്ധിച്ച ഉത്തരവിറക്കിയത്. കേസില്‍ ഉത്തരവിറക്കാന്‍ ട്രിബ്യൂണലിന് അധികാരമില്ലെന്ന് ക്വാറി ഉടമകളുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രധാമ മന്ത്രിയുടെ ഓഫീസിന് ലഭിച്ച ഒരു നിവേതനം ഹരിത ട്രിബ്യൂണലിന് കൈമാറിയതാണെന്നും അത് അപേക്ഷയായി പരിഗണിച്ച് ഉത്തരവിറക്കാന്‍ ട്രിബ്യൂണലിന് അധികാരമില്ലേയെന്നും കോടതി ആരാഞ്ഞു. അതേവ്യക്തി തന്നെ ട്രിബ്യൂണലിനും പരാതി അയച്ചിരുന്നതായും കോടതി ചൂണ്ടിക്കാട്ടി.
അമിക്കസ് ക്യൂറി ആനന്ദ് ഗ്രോവറിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വാദം നാളെ കോടതിയില്‍ നടക്കും. ഖനനം നിയന്ത്രിക്കുന്നതിനുളള 1957ലെ മൈന്‍സ് ആന്റ് മിനറല്‍സ് ഡെവലപ്പ്‌മെന്റ് റഗുലേഷന്‍ ആക്ട് അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ചട്ടങ്ങള്‍ പ്രകാരം ജനവാസ കേന്ദ്രങ്ങളില്‍ 50 മീറ്റര്‍മാറി പാറ പൊട്ടിക്കാമെന്നാണ് കേരളത്തിന്റെ നിലപാട്. ഇതിന്റെ സാധുത ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ചട്ടം നിലനില്‍ക്കുമ്പോള്‍ അതിലെ വ്യവസ്ഥക്കെതിരെ ഉത്തരവിറക്കാന്‍ ദേശീയ ഹരിത ട്രിഹ്യൂണലിന് അധികാരമില്ലെന്നാണ് കേരളത്തിന്റെ വാദം.



