തിരുവനന്തപുരം: എകെ ശശീന്ദ്രനെതിരായ ഫോണ്‍വിളി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു. പരാതിക്കാരി എന്‍സിപി നേതാവിന്റെ മകളും ആരോപണവിധേയമായിട്ടുള്ളയാള്‍ എന്‍സിപിയുടെ മറ്റൊരു പ്രവര്‍ത്തകനുമാണ് എന്നാണ് മനസ്സിലാക്കാനായിട്ടുതെന്നും ഇവര്‍ തമ്മിലുള്ള തര്‍ക്കം എന്ന നിലയില്‍ എന്‍സിപി നേതാവു കൂടിയായ മന്ത്രി അന്വേഷിക്കുകയാണ് ഉണ്ടായത് എന്ന കാര്യം മന്ത്രി തന്നെ പൊതുസമൂഹത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍ ഇതില്‍ തൃപ്തരല്ലാതെ പ്രതിപക്ഷം സഭ വിടുകയായിരുന്നു.
ശശീന്ദ്രന്റെ വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് പ്രതിപക്ഷ എംഎല്‍എ പിസി വിഷ്ണുനാഥാണ് ഇന്ന് അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയത്. മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് പിസി വിഷ്ണുനാഥ് സഭയില്‍ ചൂണ്ടിക്കാട്ടി. എകെ ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ല. യുവതിയെ അപമാനിച്ച കേസിലെ നിയമനടപടികള്‍ ഇല്ലാതാക്കാനാണ് മന്ത്രി വിളിച്ചതെന്ന് വ്യക്തമാണെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.
അതേസമയം തെറ്റായ റിപ്പോര്‍ട്ട് നല്‍കി പൊലീസ് മുഖ്യമന്ത്രിയെപ്പോലും കബളിപ്പിച്ചിരിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. മന്ത്രിമാര്‍ ഇടപെട്ടാല്‍ ഇങ്ങനെയൊക്കെത്തന്നെ ഉണ്ടാകും. ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്തിരിക്കാന്‍ അദ്ദേഹം അര്‍ഹനല്ല. എന്ന് മുതലാണ് മന്ത്രിമാര്‍ക്ക് പരാതി പിന്‍വലിപ്പിക്കാനുള്ള ചുമതല നല്‍കിയത്. മുഖ്യമന്ത്രി ഇതിനായി മന്ത്രിമാര്‍ക്ക് അതിന് വല്ല ഉപദേശവും കൊടുത്തിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.



