‘മുഖ്യമന്ത്രി ശശീന്ദ്രനൊപ്പം നില്‍ക്കുന്നു’; നിലപാടില്‍ വിഷമമുണ്ടെന്ന് പീഡന പരാതി നൽകിയ യുവതി

കൊല്ലം: പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയില്‍ വിഷമമുണ്ടെന്ന് കുണ്ടറയിലെ പരാതിക്കാരി. എകെ ശശീന്ദ്രന്‍ രാജിവച്ചേക്കില്ലെന്നും മന്ത്രിയുടെ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തനാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് എന്‍സിപി നേതാവിനെതിരെ പരാതി നല്‍കിയ യുവതിയുടെ പ്രതികരണം.

മന്ത്രി ശശീന്ദ്രന് ഒപ്പം നില്‍ക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇതിലൂടെ എന്ത് സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്. മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചു. മന്ത്രിക്കെതിരെ നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. നാളെ മറ്റൊരാള്‍ക്ക് ഇതേപോലെ ഉണ്ടായാലും ഇങ്ങനെയെല്ലാം തന്നെയേ നടക്കു. എന്റെ അവസ്ഥയായിരിക്കും ഇനിയും സ്ത്രീകള്‍ക്ക് നേരിടേണ്ടിവരിക. എന്നിട്ടും സ്ത്രീ ശാക്തീകരണം എന്നാണ് മുഖ്യമന്ത്രി പറയുന്നത് എന്നും യുവതി കുറ്റപ്പെടുത്തി. വിഷയത്തില്‍ എകെ ശശീന്ദ്രനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവും. മന്ത്രിയുടെ മകളോടാണെങ്കില്‍ അദ്ദേഹം ഇത്തരത്തില്‍ നല്ല നിലയില്‍ തീര്‍ക്കാന്‍ പറയുമോ എന്നും യുവതി ചോദിക്കുന്നു.

എന്‍സിപി നേതാവ് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസുമായ ബന്ധപ്പെട്ട് രാഷ്ട്രീയ നീക്കങ്ങളും സജീവമാവുന്നതിനിടെയാണ് പരാതിക്കാരിയുടെ പുതിയ പ്രതികരണം.

Share
അഭിപ്രായം എഴുതാം