ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യക്കു വേണ്ടി മത്സരിക്കുന്ന ഏക വെയ്റ്റ്ലിഫ്റ്റിങ് താരമായ മീറാബായ് ചാനു ടോക്കിയോയിലെത്തി. യു.എസിലെ ട്രെയിനിങ് ക്യാമ്പില്‍ നിന്നാണ് ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയുമായി മീറാബായ് ടോക്കിയോയില്‍ വിമാനമിറങ്ങിയത്. ദേശീയ ടീം കോച്ച് വിജയ് ശര്‍മ, അസിസ്റ്റന്റ് കോച്ച് സന്ദീപ് കുമാര്‍ എന്നിവര്‍ക്കൊപ്പമാണു മീറാബായ് എത്തിയത്. യു.എസിന്റെ സെന്റ് ലൂയിസില്‍ 50 ദിവസത്തെ പരിശീലനത്തിലായിരുന്നു അവര്‍. കോച്ച് പ്രമോദ് ശര്‍മ, ഫിസിയോതെറാപ്പിസ്റ്റ് ആലാപ് ജാവദേകര്‍ എന്നിവരും ചാനുവിനൊപ്പമുണ്ട്. 26 വയസുകാരിയായ ചാനു 49 കിലോ വിഭാഗത്തിലാണു മത്സരിക്കുന്നത്. 2017 ലെ ലോക ചാമ്പ്യന്‍ഷിപ്പിലും 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ മെഡല്‍ നേടിയ താരമാണ്.




