റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകം; മുന്‍ പൊലീസ് ഓഫീസറായ ഡെറക് ചൗവിന് 22 വര്‍ഷവും ആറു മാസവും തടവ്

June 26, 2021 - 10:16 am

വാഷിംഗ്ടൺ: അമേരിക്കയില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്‍ പൊലീസ് ഓഫീസറായ ഡെറക് ചൗവിന് 22 വര്‍ഷവും ആറു മാസവും തടവ് ശിക്ഷ വിധിച്ച് കോടതി. ജോര്‍ജ് ഫ്‌ളോയിഡിനോട് കാണിച്ച ക്രൂരത, ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തു എന്നീ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി.

2020 ല്‍ 48 കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ അറസ്റ്റ് ചെയ്യവെ ചൗവിന്‍, ഫ്‌ളോയ്ഡിന്റെ കഴുത്ത് ചവിട്ടി പിടിച്ചത് മരണത്തിന് വഴിവെക്കുകയായിരുന്നു. ശ്വാസം കിട്ടാതെ പിടഞ്ഞ ഫ്‌ളോയ്ഡ് ‘ഐ കാണ്ട് ബ്രീത്ത് ‘ എന്ന് ഇതിനിടയില്‍ പറഞ്ഞെങ്കിലും ചൗവിന്‍ ഇത് ചെവികൊടുത്തില്ല. പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായ വംശീയ സമീപനമാണിതെന്ന് ചൂണ്ടിക്കാട്ടി ആഗോള തലത്തില്‍ വലിയ പ്രതിഷേധമായിരുന്നു നടന്നത്.

ഗുരുതര കൃത്യങ്ങള്‍ ചെയ്ത കുറ്റവാളികളുടെ പട്ടികയില്‍ ചൗവിന്റെ പേര് ചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ച കോടതി ഇയാള്‍ക്ക് ആജീവനാന്തം തോക്ക് കൈവശം വെക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ചൗവിന് പുറമെ മറ്റ് മൂന്ന് മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഫ്‌ളോയിഡിന്റെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിച്ചതിന്റെ പേരില്‍ കോടതി ശിക്ഷ വിധിച്ചു.

കോടതി വിധിയെ ഫ്‌ളോയിന്റെ കുടുംബം സ്വാഗതം ചെയ്തു. വിചാരണ നടക്കവെ ചൗവിന് 40 വര്‍ഷം തടവ് ശിക്ഷ നല്‍കണമെന്ന് ഫ്‌ളോയിന്റെ സഹോദരന്‍ ആവശ്യപ്പെട്ടു. ഫ്‌ളോയിഡിന്റെ ഏഴു വയസ്സുകാരിയായ മകളും വീഡിയോ കോണ്‍ഫറന്‍സിലൂടെ വിചാരണക്കിടെ സംസാരിച്ചു. തന്റെ പിതാവിനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നും താനെപ്പോഴും അദ്ദേഹത്തെ പറ്റി ചോദിക്കാറുണ്ടെന്നും മകള്‍ പറഞ്ഞു.

ഫ്‌ളോഡിയിന്റെ മരണത്തില്‍ കുടുംബത്തിനും ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിനുമുണ്ടായ വേദനകളില്‍ പങ്കു ചേരുന്നെന്ന് പറഞ്ഞ ജഡ്ജ് പീറ്റര്‍ കാഹില്‍ വൈകാരികതയുടെ പേരില്‍ മാത്രം ശിക്ഷ വിധിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.

ഫ്‌ളോയ്ഡിന്റെ കുടുംബത്തിന് അനുശോചനം അറിയിച്ച പ്രതി ചൗവിന്‍, ഫ്‌ളോയ്ഡിന്റെ മരണത്തില്‍ ഭാവിയില്‍ മറ്റ് ചില വിവരങ്ങള്‍ ലഭിക്കുമെന്നും അത് നിങ്ങള്‍ക്ക് കുറച്ചു മനസ്സമാധാനം തരുമെന്ന് പ്രതീക്ഷിക്കുന്നെന്നും പറഞ്ഞു. എന്നാല്‍ ഫ്‌ളോയ്ഡിന്റെ മരണത്തില്‍ ക്ഷമാപണം നടത്താന്‍ ചൗവിന്‍ തയ്യാറായില്ല. ചൗവിന്റെ അമ്മ കരോലിന്‍ തന്റെ മകന്‍ നല്ലയാളാണെന്നും ഒരിക്കലും അതില്‍ നിന്നും ഞാന്‍ മാറി ചിന്തിക്കില്ലെന്നും പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *