കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കേസില്‍ ജഡ്ജി പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നല്‍കിയ ഹര്‍ജി കല്‍ക്കട്ട ഹൈക്കോടതി വിധി പറയാനായി മാറ്റി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാം മണ്ഡലത്തില്‍ തനിക്കെതിരേ ബി.ജെ.പിയുടെ സുവേന്ദു അധികാരി നേടിയ വിജയത്തെ ചോദ്യംചെയ്ത് മമത ബാനര്‍ജി കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ വാദം കേള്‍ക്കുന്ന ജസ്റ്റിസ് കൗശിക് ചന്ദയ്ക്കു ബി.ജെ.പി. ബന്ധമുണ്ടെന്നും അതിനാല്‍ അദ്ദേഹം പിന്‍മാറണമെന്നും മമത ബാനര്‍ജിക്കു വേണ്ടി ഹാജരായി അഭിഷേക് മനു സിങ്വി വാദിച്ചു. തുടര്‍ന്ന് വിഷയത്തില്‍ നീതിയുക്തമായ തീരുമാനം ഉണ്ടാകുമെന്നു ജസ്റ്റിസ് കൗശിക് ചന്ദ പറഞ്ഞു. തുടര്‍ന്ന് കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു.



