.
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മറ്റൊരു സ്ഥാനം വേണ്ടെന്നും മറ്റ് ഉപാധികൾക്ക് വഴങ്ങില്ലെന്നും സതീശൻ ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കനെയും മുകുൾ വാസ്നിക്കിനെയും അറിയിച്ചെന്നാണ് പുറത്തുവരുന്ന വിവരം .മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നില്ലെങ്കിൽ മന്ത്രിസഭയുടെ ഭാഗമാകാൻ താനില്ലെന്ന കടുത്ത നിലപാടിലാണ് വി.ഡി. സതീശൻ. മറ്റേതെങ്കിലും വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി ഇരിക്കാൻ താനില്ലെന്നും വെറും എംഎൽഎ ആയി തുടരാൻ തയ്യാറാണെന്നും അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.
കെ. സുധാകരൻ മുന്നോട്ടുവെച്ച സമവായ ഫോർമുല സതീശൻ തള്ളിക്കളഞ്ഞു.
നേരത്തേ കെ. സുധാകരൻ മുന്നോട്ടുവെച്ചതും ഹൈക്കമാൻഡിന്റെ പരിഗണനയിലുള്ളതുമായ സമവായ ഫോർമുല സതീശൻ തള്ളിക്കളഞ്ഞു. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുകയും, വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും മന്ത്രിസഭയിൽ പ്രധാനപ്പെട്ട വകുപ്പുകൾ നൽകി ഒത്തുതീർപ്പിലെത്തുകയും ചെയ്യാനാണ് ഈ ഫോർമുലയിലൂടെ ശ്രമിച്ചത്. എന്നാൽ, ഇത്തരം ഒത്തുതീർപ്പുകൾക്ക് താനില്ലെന്ന് സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.
മുസ്ലിം ലീഗ്, കേരള കോൺഗ്രസ്, ആർഎസ്പി തുടങ്ങിയ യുഡിഎഫ് ഘടകകക്ഷികളുടെ പൂർണ പിന്തുണ സതീശനുണ്ട്. .ഘടകകക്ഷികളുടെ പിന്തുണയില്ലാത്ത ഒരാൾ മുഖ്യമന്ത്രിയായാൽ സർക്കാരിനെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് സതീശൻ പക്ഷം ഉന്നയിക്കുന്ന പ്രധാന വാദം.
ഭൂരിഭാഗം നേതൃത്വത്തിന്റെയും എംഎൽഎമാരുടെയും പിന്തുണ തനിക്കുണ്ടെന്ന് കെ.സി. പക്ഷം
അതേസമയം, എംഎൽഎമാരുടെയും എംപിമാരുടെയും പിന്തുണയുടെ കാര്യത്തിൽ കെ.സി. വേണുഗോപാലിനാണ് മുൻതൂക്കമുള്ളത്. ഭൂരിഭാഗം നേതൃത്വത്തിന്റെയും എംഎൽഎമാരുടെയും പിന്തുണ തനിക്കുണ്ടെന്ന് കെ.സി. പക്ഷം അവകാശപ്പെടുന്നു. എംഎൽഎമാരുടെ പിന്തുണ നോക്കി തീരുമാനമെടുക്കരുതെന്ന് ഘടകകക്ഷികൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെടാൻ സാധ്യതയുണ്ട്.
ഹൈക്കമാൻഡിന്റെ തീരുമാനമാകും അന്തിമം.
2021-ലെ തിരഞ്ഞെടുപ്പിനു ശേഷം പ്രതിപക്ഷ നേതാവിനെ തീരുമാനിച്ച സമയത്ത് രമേശ് ചെന്നിത്തലയ്ക്കായിരുന്നു കൂടുതൽ എംഎൽഎമാരുടെ പിന്തുണയുണ്ടായിരുന്നത്. എന്നാൽ, ഹൈക്കമാൻഡ് സതീശനെയാണ് ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. നിലവിലെ പ്രതിസന്ധിയിലും ഹൈക്കമാൻഡിന്റെ തീരുമാനം അന്തിമം.
പൊതുസമൂഹവും ഘടകകക്ഷികളും സതീശന്റെ നേതൃത്വം ആഗ്രഹിക്കുന്നു
തിരഞ്ഞെടുപ്പിൽ മുന്നണിയെ നയിച്ച് ഉജ്ജ്വലവിജയത്തിലേക്കു നയിച്ച നായകനെന്ന പരിവേഷമാണ് വി.ഡി. സതീശന്റെ ബലം. പൊതുസമൂഹവും ഘടകകക്ഷികളും സതീശന്റെ നേതൃത്വമാണ് ആഗ്രഹിക്കുന്നതെന്ന യാഥാർഥ്യം ഹൈക്കമാൻഡിന് കണ്ടില്ലെന്നു നടിക്കാനാകില്ല. സതീശനെ പരിഗണിച്ചില്ലെങ്കിൽ വി.എസ്. അച്യുതാനന്ദന് സി.പി.എം. സീറ്റ് നിഷേധിച്ച സാഹചര്യത്തിനു സമാനമായ അന്തരീക്ഷം ഉടലെടുക്കും എന്ന വിലയിരുത്തലും പാർട്ടിയിൽ ഉയരുന്നുണ്ട്”.