സുപ്രീംകോടതിയെ അഭിനന്ദിച്ച് അഞ്ചാം ക്ലാസുകാരിയുടെ കത്ത്; സമ്മാനവുമായി ജസ്റ്റിസ് രമണ

ന്യൂഡല്‍ഹി: ഓക്‌സിജന്‍ വിതരണത്തിനും അതുവഴി നിരവധി ജീവനുകള്‍ രക്ഷിക്കാനും സുപ്രീംകോടതി ഉത്തരവിട്ടത് ഏറെ സന്തോഷമുണ്ടാക്കിയെന്ന് കാണിച്ച് കോവിഡ് കാലത്തെ സുപ്രീംകോടതിയുടെ ഇടപെടലിനെ അഭിനന്ദിച്ച് കത്തെഴുതിയ തൃശൂര്‍ സ്വദേശിനിയായ പത്ത് വയസുകാരിക്ക് അഭിനന്ദനവുമായി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. തൃശൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ലിഡ്വിന ജോസഫാണ് ചീഫ് ജസ്റ്റിസിന്റെ വിലാസത്തില്‍ കത്തെഴുതിയത്. ഡല്‍ഹിയിലും ഇന്ത്യയിലാകെയും കോവിഡ് വ്യാപനവും മരണനിരക്കും കുറച്ചുകൊണ്ടുവരാന്‍ ബഹുമാനപ്പെട്ട കോടതി നടപടിയെടുക്കുന്നതായി അറിയാം. ഇതിന് ഞാന്‍ നന്ദി പറയുന്നു. ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു-ലിഡ്വിന ജോസഫ് കത്തില്‍ പറഞ്ഞു. ലിഡിന സ്വയം എഴുതിയ കത്ത് മേയ് അവസാനത്തോടെയാണ് സുപ്രീംകോടതിയില്‍ ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ കത്തിന് മറുപടി നല്‍കിയത്. ”കത്തും മനോഹരമായ ചിത്രവും ലഭിച്ചു. രാജ്യത്തെ സംഭവവികാസങ്ങള്‍ അഞ്ചാംക്ലാസുകാരി കൃത്യമായി മനസിലാക്കുന്നുവെന്നതില്‍ ഏറെ ആശ്ചര്യമുണ്ട്. ഉത്തരവാദിത്തവും ജാഗ്രതയുമുള്ള ഒരു പൗരയായി രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളിയാകാന്‍ കഴിയട്ടെ” -ചീഫ് ജസ്റ്റിസ് മറുപടിയില്‍ പറഞ്ഞു. ഭരണഘടനയുടെ ഒപ്പുവെച്ച പതിപ്പ് ലിഡ്വിനക്ക് അദ്ദേഹം സമ്മാനമായി നല്‍കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →