തിരുവനന്തപുരം: കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ 40 വര്‍ഷത്തിന് ശേഷം ഒരു മുന്നണിയ്ക്ക് ഭരണത്തുടര്‍ച്ച. ഒടുവിലെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫ് 99 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. പത്തുജില്ലകളില്‍ വ്യക്തമായ ഭൂരിപക്ഷമാണ് ഇടതുപക്ഷ മുന്നണി നേടിയത്. യുഡിഎഫിന് 41 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. ബിജെപിക്ക് സംസ്ഥാനത്തുണ്ടായിരുന്ന ഏക സിറ്റിംഗ് മണ്ഡലമായ നേമം നഷ്ടപ്പെടുകയും ചെയ്തു.
പാലക്കാട് ബിജെപിയുടെ ഇ. ശ്രീധരനെ ഷാഫി പറമ്പില്‍ പരാജയപ്പെടുത്തി. 3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിലിന്റെ വിജയം. അഴീക്കോട് മണ്ഡലത്തില്‍ ലീഗിന്റെ കെ.എം ഷാജിയെ കെ.വി സുമേഷ് പരാജയപ്പെടുത്തി. നേമത്ത് കുമ്മനം രാജശേഖരനെ നേടി മിന്നും പ്രകടനത്തിലൂടെ എല്‍ഡി.എഫിന്റെ വി. ശിവന്‍കുട്ടി പരാജയപ്പെടുത്തി. ആവേശപ്പോരാട്ടം നടന്ന തൃത്താലയില്‍ വി.ടി ബല്‍റാമിനെ എം.ബി. രാജേഷ് പരാജയപ്പെടുത്തി. തൃപ്പൂണിത്തുറയില്‍ എം സ്വരാജിനെ പരാജയപ്പെടുത്തി മുന്‍ മന്ത്രി കെ. ബാബു വിജയിച്ചു.
കോഴിക്കോട് സൗത്തില്‍ ഇടതുമുന്നണിയുടെ അഹമ്മദ് ദേവര്‍കോവിലും തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥി ലിന്റോ ജോസഫും ജയിച്ചു. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനെ പരാജയപ്പെടുത്തി കടകംപള്ളി സുരേന്ദ്രന്‍ വിജയിച്ചു. കടന്നപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരും പി.വി. അന്‍വര്‍ നിലമ്പൂരും നിലനിര്‍ത്തി. ധര്‍മടത്ത് പിണറായി വിജയന്‍, മട്ടന്നൂരില്‍ കെ.കെ ശൈലജ ടീച്ചര്‍, കല്യാശേരിയില്‍ എം. വിജിന്‍, തളിപ്പറമ്പില്‍ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, പയ്യന്നൂരില്‍ ടി.വി മധുസൂദനന്‍, തലേശരിയില്‍ എ.എന്‍ ഷംസീര്‍, കൂത്തുപറമ്പില്‍ കെ.പി മോഹനന്‍ എന്നിവരും വിജയിച്ചു. കല്‍പ്പറ്റയില്‍ ടി. സിദ്ദീഖ്, വടകരയില്‍ കെ.കെ രമ, കൊച്ചിയില്‍ കെ.ജെ മാക്‌സി, ഇരിങ്ങാലക്കുടയില്‍ ഡോ. ബിന്ദു, തൃത്താല, ചിറ്റൂരില്‍ കെ. കൃഷ്ണന്‍കുട്ടി എന്നിവരും ജയിച്ചു.



