കരിപ്പൂരില്‍ തട്ടിക്കൊണ്ടുപോകല്‍ വീണ്ടും സജീവമാവുന്നു

മലപ്പുറം: ദുബൈയില്‍നിന്ന കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതായി പരാതി . കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവം .ദുബൈയില്‍ നിന്ന് കരിപ്പൂരില്‍ വിമാനമിറങ്ങി എയര്‍പോര്‍ട്ട് ടാക്‌സിയില്‍ സ്വദേശമായ കരുവാരക്കുണ്ടിലേക്ക് പോകുന്ന വഴി ഉണ്ണിയാല്‍ പറമ്പില്‍ വച്ച് മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ അഞ്ചംഗസംഘം ടാക്‌സി കാര്‍ തടഞ്ഞുവയ്ക്കുകയും യാത്രക്കാരനെ ബലമായി പിടിച്ചിറക്കി തട്ടിക്കൊണ്ടുപോവുകയുമായിരുന്നു.

ഇതോടെ കരിപ്പൂരില്‍ കുറെക്കാലമായി നിലച്ചിരുന്ന തട്ടിക്കൊണ്ടുപോകല്‍ വീണ്ടും സജീവമാവുകയാണ്. യാത്രക്കാരനെ പിടിച്ചിറക്കിയ ശേഷം ടാക്‌സി ഡ്രൈവറെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു.ടാക്‌സി ഡ്രൈവറാണ് സംഭവം പോലീസില്‍ അറിയിക്കുന്നത്. സ്വര്‍ണകടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട ആളെപ്പറ്റി ഇതുവരെ വിവരമൊന്നും ഇല്ല. പോലീസ് പരിശോധിച്ചുവരുന്നു. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം