റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അതിജീവനത്തിൻ്റെ മഹാ സന്ദേശം, രഞ്ജിത്ത് ആര്‍ പാണത്തൂരിന്റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

April 10, 2021 - 4:54 pm

കാസർകോട്: ഏറ്റവും പരുക്കനായ ജീവിത യാഥാർത്ഥ്യങ്ങളോട് പടവെട്ടി മുന്നേറിയ ഒരു യുവാവ് ഹൃദയം തുറന്നപ്പോൾ അതേറ്റെടുത്തത് സോഷ്യൽ മീഡിയയിലെ പതിനായിരങ്ങൾ. രഞ്ജിത്ത് ആര്‍ പാണത്തൂരെന്ന ബാംഗ്ലൂർ ഐഐഎമ്മിലെ അസിസ്റ്റന്റ് പ്രൊഫസറുടെ വാക്കുകൾ ഏറ്റെടുക്കുകയും അഭിനന്ദനങ്ങളറിയി ക്കുകയും ചെയ്തവരിൽ ധനമന്ത്രി ഡോ.തോമസ് ഐസക് ഉൾപ്പടെ പലരുമുണ്ട്.

വീടിൻ്റെ ഫോട്ടോയോടൊപ്പം രഞ്ജിത്ത് കുറിച്ച വാക്കുകള്‍..

”ഈ വീട്ടിലാണ് ഞാന്‍ ജനിച്ചത്, ഇവിടെ ആണ് വളര്‍ന്നത്, ഇപ്പോള്‍ ഇവിടെ ആണ് ജീവിക്കുന്നത്. ഒരുപാട് സന്തോഷത്തോടെ പറയട്ടെ, ഈ വീട്ടില്‍ ഒരു ഐഐഎം അസിസ്റ്റന്റ് പ്രൊഫസര്‍ ജനിച്ചിരിക്കുന്നു. ഈ വീട് മുതല്‍ ഐഐഎം റാഞ്ചി വരെയുള്ള എന്റെ കഥ പറയണമെന്ന് തോന്നി. ഈ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങള്‍ക്ക് വളമാകുന്നെങ്കില്‍ അതാണ് എന്റെ വിജയം. ഹയര്‍ സെക്കന്ററിക്ക് തരക്കേടില്ലാത്ത മാര്‍ക്കുണ്ടായിരുന്നു. എന്നാലും എന്റെ ചുറ്റുപ്പാടിന്റെ സമര്‍ദ്ദം മൂലം പഠനം നിര്‍ത്താമെന്നു കരുതിയതാണ്. എന്തോ ഭാഗ്യം കൊണ്ട് അതെ സമയം പാണത്തൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ രാത്രിക്കാല സെക്യൂരിറ്റി ആയി ജോലി കിട്ടി, പകല്‍ പഠിക്കാനുള്ള സമയവും. അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം അവിടെ വീണ്ടും തുറക്കപ്പെട്ടു. അത് ചെയ്യണം ഇത് ചെയ്യണം എന്നു അച്ഛനോ അമ്മയോ പറഞ്ഞു തന്നില്ല, പറഞ്ഞു തരാനും ആരുമുണ്ടായിരുന്നില്ല. ഒഴുക്കിൽപ്പെട്ട അവസ്ഥ ആയിരുന്നു, പക്ഷെ നീന്തി ഞാന്‍ തൊട്ട കരകളൊക്കെ സുന്ദരമായിരുന്നു.

സെന്റ് പയസ് കോളേജ് എന്നെ വേദികളില്‍ സംസാരിക്കാന്‍ പഠിപ്പിച്ചു, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള കാസര്‍കോടിന് പുറത്തൊരു ലോകമുണ്ടെന്നു പറഞ്ഞു തന്നു. അങ്ങനെയാണ് ഐഐടി മദ്രാസിന്റെ വല്ല്യ ലോകത്തു എത്തിയത്. പക്ഷെ അതൊരു വിചിത്ര ലോകമായിരുന്നു, ആദ്യമായിട്ട് ആള്‍ക്കൂട്ടത്തിന് നടുക്ക് ഒറ്റയ്ക്കു ആയപോലെ തോന്നിപ്പോയി, ഇവിടെ പിടിച്ചു നില്‍ക്കാന്‍ ആകില്ലെന്നു മനസ് പലപ്പോഴും പറഞ്ഞിരുന്നു. മലയാളം മാത്രം സംസാരിച്ചു ശീലിച്ച എനിക്ക് സംസാരിക്കാന്‍ പോലും ഭയമായിരുന്നു. ഇതെന്റെ വഴിയല്ല എന്നു തോന്നി പിഎച്ച്ഡി പാതിയില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.

പക്ഷെ എന്റെ ഗൈഡ് ഡോ. സുഭാഷ് ആ തീരുമാനം തെറ്റാണു എന്നു എന്നെ ബോധ്യപെടുത്തി, തോറ്റു പിന്മാറും മുന്‍പ് ഒന്ന് പോരാടാന്‍ പറഞ്ഞു. തോറ്റു തുടങ്ങി എന്നു തോന്നിയ എനിക്ക് അന്ന് മുതല്‍ ജയിക്കണമെന്ന വാശി വന്നു. പാണത്തൂര്‍ എന്ന മലയോര മേഖലയില്‍ നിന്നുമാണ് എന്റെ യാത്രകളുടെ തുടക്കം. വിത്തെറിഞ്ഞാല്‍ പൊന്നു വിളയുന്ന ആ മണ്ണില്‍ വിദ്യ പാകിയാലും നൂറു മേനി കൊയ്യാനാകും എന്നു ഞാനും വിശ്വസിച്ചു തുടങ്ങി. ഈ കുടിലില്‍ (സ്വര്‍ഗത്തില്‍) നിന്നും ഐഐഎം റാഞ്ചിയിലെ അസിസ്റ്റന്റ് പ്രൊഫസറിലേക്കുള്ള ദൂരം കഷ്ടപ്പാടിന്റെതായിരുന്നു, എന്റെ സ്വപ്നങ്ങളുടെ ആകെ തുകയായിരുന്നു, ഒരു അച്ഛന്റെയും അമ്മയുടെയും സഹനമായിരുന്നു.

എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളില്‍ വിടരും മുന്‍പ് വാടി പോയ ഒരുപ്പാട് സ്വപ്നങ്ങളുടെ കഥ. ഇനി അവയ്ക്ക് പകരം സ്വപ്നസാക്ഷത്ക്കാരത്തിന്റെ കഥകള്‍ ഉണ്ടാകണം. ഒരുപക്ഷെ തലയ്ക്കു മുകളില്‍ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകള്‍ ഉണ്ടായിരിക്കാം, പക്ഷെ ആകാശത്തോളം സ്വപ്നം കാണുക. ഒരു നാള്‍ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങള്‍ക്കും ആ വിജയതീരത്തെത്താം.’

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *