റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യുന്ന അവശ്യ സര്‍വ്വീസ്  വോട്ടര്‍മാര്‍ക്ക്  വോട്ട് രേഖപ്പെടുത്തുന്നതിനുള്ള പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങള്‍ തയ്യാറായി.  മാര്‍ച്ച് 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ നേരത്തെ 12 ഡിഫോറത്തില്‍ അപേക്ഷ നല്‍കിയവര്‍ക്ക് കേന്ദ്രത്തിലെത്തി തപാല്‍ വോട്ട് രേഖപ്പെടുത്താം.  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടിംഗ് സമയം. മണ്ഡലം തിരിച്ചുള്ള പോസ്റ്റ് വോട്ടിംഗ് കേന്ദ്രങ്ങള്‍ എന്ന ക്രമത്തില്‍:

പയ്യന്നൂര്‍ – ബ്ലോക്ക് ഓഫീസ് ഓഡിറ്റോറിയം, കല്ല്യാശ്ശേരി- കെപിആര്‍ ഗോപാലന്‍ സ്മാരക എച്ച്എസ്എസ്, തളിപ്പറമ്പ്- ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഇരിക്കൂര്‍- ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസ്, അഴീക്കോട്-ജിഎച്ച്എസ്എസ് പള്ളിക്കുന്ന്, കണ്ണൂര്‍-കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, ധര്‍മ്മടം- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ ചാല, തലശ്ശേരി-സബ്ബ് കലക്ടര്‍ ഓഫീസ് (കോര്‍ട്ട് ഹാള്‍), കൂത്തുപറമ്പ്- ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, മട്ടന്നൂര്‍- ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മട്ടന്നൂര്‍, പേരാവൂര്‍-ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഇരിട്ടി.

ആരോഗ്യം, പൊലീസ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ്, ജയില്‍, മില്‍മ, വൈദ്യുതി, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ട്രഷറി, ഫോറസ്റ്റ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ആകാശവാണി, ദൂരദര്‍ശന്‍, ബിഎസ്എന്‍എല്‍, റെയില്‍വേ, പോസ്റ്റല്‍- ടെലിഗ്രാഫ്, ഏവിയേഷന്‍, ആംബുലന്‍സ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍, ഷിപ്പിംഗ് എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് കൊവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തിയത്.

വോട്ടിംഗ് കേന്ദ്രം, വോട്ടിംഗിന്റെ തീയതി, സമയം എന്നിവ വോട്ടറെ എസ് എം എസായോ തപാലായോ ബൂത്ത് ലെവല്‍ ഓഫീസര്‍ മുഖേനയോ അറിയിക്കും. വോട്ടര്‍ക്ക് നിശ്ചയിക്കപ്പെട്ട ദിവസം സര്‍വീസ് ഐഡന്റിറ്റി കാര്‍ഡുമായി ചെന്ന് വോട്ട് ചെയ്യാം. പോസ്റ്റല്‍ ബാലറ്റിനായി നേരത്തെ 12 ഡി ഫോറത്തില്‍ വരണാധികാരി മുമ്പാകെ അപേക്ഷ നല്‍കിയവര്‍ക്ക് ഇത്തരത്തില്‍ പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രത്തിലൂടെ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന് ജില്ലാതെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *