ഗുണ്ടൂര്‍: ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ 19കാരന്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് സംഭവം.
ഒരു മാസത്തിനിടെ 8 വയസ്സിനു താഴെ പ്രായമുള്ള രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ഗോപി എന്ന 19 കാരനാണ് പിടിയിലാണ് .
ഗുണ്ടൂരിലെ തടേപ്പള്ളിയില്‍ മെല്ലാംപുടി, വടേശ്വരം എന്നിവിടങ്ങളിലാണ് സംഭവം നടന്നത്. 2021 മാര്‍ച്ച് 14നു മെല്ലാംപുടിയില്‍നിന്ന് കാണാതായ ആറു വയസ്സുകാരനെ രണ്ടു ദിവസത്തിനു ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ വൈകിട്ട് 3 മണിയോടെയാണ് കാണാതായത്.
കുട്ടിയുടെ മരണത്തില്‍ ഗോപിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കുടുംബം പൊലീസിനെ സമീപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തി.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയെ വാഴത്തോട്ടത്തിലേക്ക് തട്ടിക്കൊണ്ടുപോയ ശേഷം ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി പ്രതി പൊലീസിനോട് പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ, വടേശ്വരത്തുനിന്ന് ഫെബ്രുവരി 11ന് ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ കാണാതായ മറ്റൊരു ആണ്‍കുട്ടിയെ കുറിച്ചും പൊലീസ് ചോദിച്ചു.
കുട്ടി ബക്കിങ്ഹാം കനാലില്‍ വീണ് മരിച്ചതാണെന്നാണ് പൊലീസും കുടുംബവും വിശ്വസിച്ചിരുന്നത്. എന്നാല്‍ ആ കുട്ടിയേയും ഇതേ രീതിയില്‍ കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചു.



