ഹൈദരാബാദ്: ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൊഴിക്കുന്ന കോവിഡ് വാക്‌സീന്‍(നേസല്‍) വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചു.കുത്തിവയ്പിനേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷി നേസല്‍ സ്‌പ്രേയ്ക്ക് നല്‍കാനാകുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. വാക്‌സീനേഷന്‍ പദ്ധതിക്ക് ചെലവും കുറയുമെന്നാണ് ഇതിന്റെ സവിശേഷത. 10/03/21 ബുധനാഴ്ച 10 വോളണ്ടിയര്‍മാര്‍ വാക്സിന്‍ സ്വീകരിച്ചു. ആദ്യഘട്ട വാക്സിന്‍ പരീക്ഷണത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ 5/03/21 വെള്ളിയാഴ്ച രണ്ടു പേര്‍ വാക്സിന്‍ സ്വീകരിച്ചിരുന്നു. ഹൈദരാബാദിന് പുറമേ പട്ന, ചൈന്നെ, നാഗ്പുര്‍ എന്നീ നഗരങ്ങളിലും നേസല്‍ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ ആരംഭിക്കും.
ആദ്യഘട്ടത്തില്‍ രാജ്യത്താകമാനം 175 പേരിലാണ് നേസല്‍ വാക്സിന്‍ പരീക്ഷിക്കുക. കുത്തിവെപ്പില്ലാതെ മൂക്കിലൂടെ സ്വീകരിക്കാം എന്നതാണു നേസല്‍ വാക്സിന്റെ പ്രത്യേകത. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി സഹകരിച്ചാണ് ഭാരത് ബയോടെക് നേസല്‍ വാക്സിന്‍ വികസിപ്പിച്ചത്. നേരത്തെ ഭാരത് ബയോടെക്കിന്റെ കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു.



