പാലക്കാട്: പൊതുവിദ്യാഭ്യാസത്തെ പിന്തുണച്ച് ആറര ലക്ഷം കുട്ടികളുടെ ഭാവി ഈ സര്‍ക്കാരില്‍ വിശ്വസിച്ച് ഏല്‍പ്പിക്കാമെന്ന് രക്ഷിതാക്കള്‍ കരുതിയതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ അംഗീകാരമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. കുഴല്‍മന്ദം ഗവ. ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സെപ്തംബറോടെ കേരളത്തിലെ എല്ലാ വീടുകളിലും കെ -ഫോണ്‍ എത്തുന്നതോടെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴി തുറക്കുമെന്നും മന്ത്രി പറഞ്ഞു. പണം ഇല്ലാത്തതിന്റെ പേരില്‍ ഒരാളെപ്പോലും ഡിജിറ്റല്‍ സാങ്കേതിക ലോകത്ത് നിന്ന് മാറ്റി നിര്‍ത്തില്ല. ഡിജിറ്റല്‍ ഡിവൈഡ് കേരളത്തില്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും തുല്യാവസരമെന്ന കേരളത്തിന്റെ പാരമ്പര്യം സര്‍ക്കാര്‍ ഇക്കാര്യത്തിലും പിന്തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ സൗകര്യങ്ങള്‍ തൊഴില്‍ മേഖലയിലും മാറ്റങ്ങള്‍ ഉണ്ടാക്കും. തൊഴില്‍ എടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടാക്കും. ഡിജിറ്റല്‍ സാങ്കേതികത കേരളത്തിന് വലിയ അവസരമാണ്. തൊഴില്‍ ഉറപ്പാക്കാന്‍ കെ- ഡിസ്‌ക്ക് പദ്ധതി യാഥാര്‍ഥ്യമാവാന്‍ പോവുകയാണ്. ഇതിലൂടെ 10000 പേര്‍ക്ക് തൊഴിലിനുള്ള അവസരങ്ങള്‍ ഒരുങ്ങും. കിഫ്ബിയിലൂടെ കേരളത്തില്‍ വികസനം യാഥാര്‍ഥ്യമാക്കിയത് പോലെ കെ- ഡിസ്‌ക്ക് പദ്ധതി വഴി കേരളത്തിലെ തൊഴിലില്ലായ്മ ഒരളവില്‍ പരിഹരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
ഇത്തവണത്തെ ബഡ്ജറ്റ് പ്രസംഗത്തില്‍ ആദ്യം ഉദ്ധരിച്ച കവിതയുടെ രചയിതാവ് സ്നേഹയ്ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്നും മന്ത്രി അറിയിച്ചു. സ്വന്തമായി വീടില്ലാതിരുന്നിട്ടും സ്‌കൂളിന് കെട്ടിടം ആവശ്യപ്പെട്ട സ്നേഹയ്ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. ഓസ്‌ട്രേലിയയിലെ സന്നദ്ധ പ്രവര്‍ത്തകനാണ് സ്നേഹയ്ക്ക് വീട് നിര്‍മ്മിച്ചു നല്‍കുക. അടുത്ത ദിവസങ്ങളില്‍ തന്നെ വീടിന്റെ നിര്‍മ്മാണം ആരംഭിക്കും. പരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. കെ ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി.
2020-2021 സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ഏഴ് കോടി ചെലവിലാണ് കുഴല്‍മന്ദത്തെ വെള്ളപ്പാറയില്‍ ഗവ. ഹൈസ്‌കൂളിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ദേവദാസ്, കുഴല്‍മന്ദം പഞ്ചായത്ത് പ്രസിഡന്റ് മിനി നാരായണന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍, പി.ടി.എ ഭാരവാഹികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിദ്യാര്‍ഥിനി സ്നേഹ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.