റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷാര്‍ജയിലെ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ തൃക്കരിപ്പൂര്‍ സ്വദേശിക്കെതിരെ കേസ്

February 13, 2021 - 9:42 am

തൃക്കരിപ്പൂര്‍ : ഷാര്‍ജയിലെ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ തൃക്കരിപ്പൂര്‍ സ്വദേശിക്കെതിരെ ചന്ദേര പോലീസിന് ലഭിച്ച പരാതിയില്‍ വഞ്ചാനാക്കുറ്റത്തിന് കേസെടുത്തു. തൃക്കരിപ്പൂര്‍ മട്ടമ്മല്‍ ചേനോത്ത് തുരുത്തുമ്മല്‍ അബ്ദുല്‍ അസീസിന്‍റെ മകന്‍ റഹ്മാനാണ് ഷാര്‍ജയിലെ ഇന്‍വെസ്റ്റ് ബാങ്കില്‍ നിന്ന് 83.65 കോടിരൂപ കടമെടുത്ത് ബാങ്കിനെ കബളിപ്പിച്ച് നാട്ടിലേക്ക് മുങ്ങിയത്. 2017ല്‍ ബിസിനസ് ആവശ്യത്തിനായി 68.159 മില്യണ്‍ ദിര്‍ഹമാണ് ഇദ്ദേഹം കടമെടുത്തത്. ഇതില്‍ 42.8 മില്യണ്‍ തിരിച്ചടച്ചിരുന്നു. ബാക്കി 83,65,65,507 ഇന്ത്യന്‍ രൂപക്ക് തുല്യമായ തുകയാണ് ഇയാള്‍ തിരിച്ചടക്കാനുളളത്. ഷാര്‍ജയിലെ ഹെക്‌സാ ഓയില്‍ ആന്റ് ഗ്യാസ് എല്‍സിസി കമ്പനിയുടെ പേരിലാണ് വായ്പയെടുത്തിരിക്കുന്നത്.

ഷാര്‍ജ ഇന്‍വെസ്റ്റ് ബാങ്കിന്റെ പവര്‍ഓഫ് അറ്റോര്‍ണിയായ എറണാകുളത്തെ എക്‌സ്ട്രീം കണ്‍സള്‍ട്ടന്‍സിയാണ് അബ്ദുല്‍ റഹ്മാനെതിരെ ചന്ദേര പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത് .സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂര്‍ കൈപ്പമംഗലത്തെ പി.എസ് അസിനാണ് പരാതിക്കാരന്‍. അബ്ദുറഹ്മാന്‍ എറണാകുളത്ത് ബിസിനസ് നടത്തി വരുന്നതായാണ് വിവരം.

ഇന്ത്യാക്കാര്‍ യുഎഇ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് കിട്ടാക്കടമായി മാറിയിരിക്കുന്നത് 50,000 കോടിരൂപക്കുമുകളിലാണ്. ഇതില്‍ കോര്‍പ്പറേറ്റ് വ്യക്തിഗത വായ്പകളും പെടും. മിക്കകേസുകളും ദുബായ് അബുദാബി ആസ്ഥാനമായുളള ഇന്ത്യന്‍ കമ്പനികളുടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണെങ്കിലും വ്യക്തിഗത വായ്പകളും ഇതില്‍ പെടും. വ്യക്തിഗത വായ്പകള്‍ 6,000 കോടി രൂപയ്ക്ക് മുകളിലാണുളളത്.

ഇപ്പോള്‍ സാമ്പത്തിക ഇടപാടുകളില്‍ കോടതികളിലെ വിധികള്‍ ഇന്ത്യയിലെ ജില്ലാ കോടതി വിധികള്‍ക്ക് തുല്യമായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ഇന്ത്യയില്‍ നടപടികളെടുക്കാന്‍ കഴിയുമെന്നുളളതിനാല്‍ യുഎ ഇ കോടതിയില്‍ നിന്ന് ഒരുത്തരവ് എടുത്തശേഷം യുഎഇ ബാങ്കുകള്‍ ഇന്ത്യയിലെ നിയമ സഹായ ഏജന്‍സികള്‍ വഴി പണം തിരിച്ചുപിടിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ബാങ്കുകള്‍ ആദ്യം നോട്ടീസ് നല്‍കാനും വീഴ്ച വരുത്തിയ ആളിന്റെ പ്രതികരണം തേടാനും ശ്രമിക്കും . പ്രതികരണം തൃപ്തികരമല്ലെങ്കില്‍ ഉൾപ്പെട്ട വ്യക്തികള്‍ക്കെതിരെ ഇന്ത്യയില്‍ ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യുന്ന നടപടികളാണ് സ്വീകരിക്കുക.

ബാങ്കുകള്‍ക്ക് നഷ്ടമായ തുകകളില്‍ 70 ശതമാനത്തിലധികവും വന്‍ ബിസിനസ് സ്ഥപനങ്ങളുടെ വായ്പയാണ്. ക്രെഡിറ്റ് കാര്‍ഡ്, വാഹനവായ്പ, വ്യക്തിഗത വായ്പ തുടങ്ങിയ ഇനങ്ങളിലാണ് 20 ശതമാനവും . യുഎ.ഇ ബാങ്കുകളുടെ നിഷ്‌ക്രിയ വായ്പതോത് 2017ല്‍ 7.5 ശതമാനമായി ഉയര്‍ന്നിരുന്നു. ചില ബാങ്കുകളുടെ പ്രവര്‍ത്തനം ഇതോടെ പ്രതിസന്ധിയിലായി. ചില ബാങ്കുകളുടെ ലാഭം കുറഞ്ഞു. ഇതോടെ അവ പരസ്പരം ലയിച്ചു. യുഎഇ യിലെ വലിയ ബാങ്കുകളായ എമിറേറ്റ്‌സ് എന്‍ബിഡി ,അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് ഉല്‍പ്പെടെ 9 ബാങ്കുകള്‍ നിയമ നടപടികളുമായി നീങ്ങുകയാണ്. ഖത്തറും ഒമാനും ആസ്ഥാനമായുളള ചില ബാങ്കുകള്‍ കൂടി ഇവര്‍ക്കൊപ്പം കൂടുമെന്നാണ് സൂചന. വന്‍തുക വായ്പയെടുത്ത് ഇന്ത്യയിലേക്ക് കടന്നവരുടെ വിശദാംശങ്ങള്‍ ബാങ്കുകള്‍ വൈകാതെ പരസ്യപ്പെടുത്തുമെന്നും സൂചനയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *