ചെങ്കോട്ടയിലെ പതാക ഉയർത്തൽ , കര്‍ഷക സംഘടനകളുടെ ആരോപണം തള്ളി ബി.ജെ.പി എം.പി സണ്ണി ഡിയോള്‍ , ദീപ് സിദ്ദുവുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലെന്ന് എം.പി

ന്യൂഡൽഹി: കര്‍ഷക സംഘടനകളുടെ ആരോപണം തള്ളി ബി.ജെ.പി എം.പി സണ്ണി ഡിയോള്‍ രംഗത്ത്. ദീപ് സിദ്ദുവുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലെന്ന് സണ്ണി ഡിയോള്‍ വ്യക്തമാക്കി. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയത് ദീപ് സിദ്ദുവിന്റെ അനുയായികളെന്നാണ് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നത്. സിദ്ദു കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് അക്രമത്തിലേക്ക് നയിച്ചുവെന്നാണ് ഭാരതീയ കിസാന്‍ യൂണിയന്‍ ഹരിയാന ഘടകത്തിന്റെ പ്രസിഡന്റ് ഗുര്‍നാം സിങ് പറഞ്ഞിരുന്നത്.

ദീപ് സിദ്ദുവും അദ്ദേഹത്തിന്റെ അനുയായികളുമാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് യോഗേന്ദ്ര യാദവും വ്യക്തമാക്കിയിരുന്നു. സിദ്ദു ബി.ജെ.പിയുടെ ഏജന്റാണെന്നും സണ്ണി ഡിയോള്‍ എം.പിക്കായി കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയിരുന്നതായും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ദീപ് സിദ്ദുവും സണ്ണി ഡിയോളും ഒന്നിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് സണ്ണി ഡിയോള്‍ ആരോപണം നിഷേധിച്ച് രംഗത്ത് എത്തിയത്. അറിയപ്പെടുന്ന പഞ്ചാബി നടനും ഗായകനുമാണ് ദീപ് സിദ്ദു.

Share
അഭിപ്രായം എഴുതാം