തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ച തടയുന്നതിന് ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം തീരുമാനം. ക്ഷേത്ര ഭരണ സമിതികളില്‍ ആര്‍എസ്എസ് കാരല്ലാത്ത സിപിഎം അനുഭാവമുളള വിശ്വാസികളെ എത്തിക്കാനാണ് പാര്‍ട്ടി ആലോചന നടത്തുന്നത്. നേരത്തേ സിപിഎം ഇത്തരം ഒരു തീരുമാനമെടുത്തിരുന്നെങ്കിലും അത് ഫലപ്രദമായി നടപ്പാക്കാനായില്ല എന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഫലം വിലയിരുത്തി കീഴ്ഘടകങ്ങളില്‍ നടക്കുന്ന റിപ്പോര്‍ട്ടിംഗിലാണ് ക്ഷേത്രഭരണ സമിതികളില്‍ കയറിപ്പറ്റാനുളള ശ്രമം വിശദമായി ചര്‍ച്ചയാവുന്നത്. ക്ഷേത്രങ്ങളില്‍ സ്വാധീനമുറപ്പിച്ചിരിക്കുന്ന ബിജെപി അവിടെയെത്തുന്ന ഭക്തരുമായി സ്ഥാപിക്കുന്ന ബന്ധം തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഇതിനായി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പ്രവര്‍ത്തിക്കണം. ക്ഷേത്ര ഭരണസമിതിയില്‍ അംഗങ്ങളാവുകയും വേണമെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം.
പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലെ വോട്ട് ചോര്‍ച്ച തടയാന്‍ പരിശ്രമിക്കണമെന്നും സിപിഎം വിലയിരുത്തുന്നു. കൊല്ലത്തിന്റെ കിഴക്കന്‍ നിയസഭാ മണ്ഡലങ്ങളിലും തിരുവനന്തപുരത്തിന്റെ പടിഞ്ഞാറന്‍ മണ്ഡലങ്ങളിലും ബിജെപി മുന്നേറ്റത്തിന് പിന്നില്‍ സാമുദായിക ഘടകങ്ങളുണ്ട്. ബിഡിജെഎസ്-ബിജെപി ബന്ധം ബിജെപിക്ക് എങ്ങനെ ഗുണം ചെയ്തെന്ന കാര്യം വിശദമായി പരിശോധിക്കണം. തൃശൂരില്‍ ഏഴും, കൊല്ലത്തും പാലക്കാട്ടും ആറുവീതവും കാസര്‍കോട് മൂന്നും കോഴിക്കോട് രണ്ടും നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി മുന്നേറ്റമുണ്ട്. ഈ ഘടകങ്ങള്‍ പരിശോധിച്ചാണ് ബിജെപിയെ ചെറുതായി കാണേണ്ടതില്ലെന്നും ക്ഷേത്ര സമിതികളില്‍ ഇടംപിടിക്കാനുമുളള സിപിഎം നിര്‍ദ്ദേശം.



