കൊച്ചി: യുഡിഎഫ് ക്ഷണിക്കുകയാണെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടെുപ്പില്‍ താന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെമാല്‍പാഷ. യുഡിഎഫില്‍ നിന്നും ക്ഷണമുണ്ടായില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ താല്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് രാഷ്ട്രീയക്കാരുടെ കുപ്പായം ചേരില്ലെന്ന കെമാല്‍പാഷയുടെ മുന്‍ നിലപാടില്‍ നിന്ന് പുറകോട്ട് പോകയാണിപ്പോള്‍. താന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെടുകയാണെങ്കില്‍ തനിക്ക് അവരോട് വിയോജിക്കാന്‍ കഴിയാതെവരും എന്നതിനാലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ രാഷ്ട്രീയക്കാരുടെ കുപ്പായം ഒരിക്കലും ചേരില്ല. അത് ഫിറ്റല്ല എനിക്ക്. ഞാന്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടെന്നിരിക്കട്ടെ ,നാളെ അവര്‍ക്കെതിരെ ഒരു അഭിപ്രായം വന്നാല്‍ ഞാനത് വിളിച്ചുപറയും. അത് അവര്‍ക്ക സഹിക്കുകേല. ഒരു പാര്‍ട്ടിസാന്‍ ആറ്റിറ്റ്യൂഡ് എടുക്കാന്‍ പറ്റാത്തിടത്തോളം എനിക്കത് സാധിക്കില്ല. ഇതായിരുന്നു കെമാല്‍ പാഷയുടെ വാക്കുകള്‍
എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ചുവട് മാറ്റി ചവിട്ടിയിരിക്കുന്നു. എറണാകുളം പരിസരത്തോ തൃക്കാക്കരയിലോ സമീപ പ്രദേശങ്ങളിലോ ആണ് മത്സരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതെന്നും, എംഎല്‍എ ആയിക്കഴിഞ്ഞാല്‍ തനിക്ക് ശമ്പളം നല്‍കേണ്ടതില്ലെന്നും, അഴിമതി നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും കെമാല്‍ പാഷ പറഞ്ഞിരുന്നു. എന്നാല്‍ എല്‍ഡിഎഫിനോടും ബിജെപിയോടും തനിക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



