ബെംഗളൂരു: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഐടി മേഖലയിലെ ജീവനക്കാര്‍ക്ക് നല്‍കി വന്നിരുന്ന വര്‍ക്ക്ഫ്രം ഹോം ഇളവ് പിന്‍വലിക്കണമെന്ന് ബെംഗളൂരുവിലെ മുതിര്‍ന്ന ബിജെപി എംപി പീസി മോഹന്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ഐടി വിദഗ്ധരുടെ മൂന്നിലൊന്നുളള ബെംഗളൂരുവിലെ ഐടി മേഖലയില്‍ തുടരുന്ന വര്‍ക്ക് ഫ്രം ഹോം ഇളവ് മറ്റ് തൊഴില്‍ മേഖലകളേയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി എംപി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഐടി ജോലിക്കാര്‍ക്ക് വര്‍ക്ക ഫ്രം ഹോം നല്‍കുന്നത് കാബ്, റിക്ഷ തുടങ്ങിയ ഗതാഗത മേഖലകളിലേയും ഹോട്ടല്‍ ഉള്‍പ്പടെയുളള മറ്റുമേഖലകളിലേയും തൊഴിലാളികളെ സാരമായി ബാധിച്ചു. മറ്റുമേഖലകളെല്ലാം സാധാരണ നിലയിലേക്ക് മാറി കഴിഞ്ഞിട്ടും സാമ്പത്തിക സ്ഥിതി വീണ്ടെടുക്കാന്‍ ഐടി ജോലിക്കാര്‍ എന്തുകൊണ്ട് സംഭാവന നല്‍കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ബെംഗളൂരുപോലുളള നഗരത്തില്‍ ഐടി ഉദ്യോഗസ്ഥര്‍ ചെലവഴിക്കുന്ന പണം മറ്റുമേഖലകളെ നില നിര്‍ത്തുകയും കൂടുതല്‍ പ്രാപ്തമാക്കുകയും ചെയ്യും അതുകൊണ്ടുതന്നെ ഐടി മേഖല വര്‍ക്ക് ഫ്രം ഹോമില്‍ തുടരുന്നത് അനീതിയാണെന്നും മോഹന്‍ പറഞ്ഞു.
നഗരത്തിലെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഐടി ജോലിക്കാര്‍ ഇല്ലാത്തതിനാല്‍ സാമ്പത്തിക സ്ഥിതിയേയും ബാധിച്ചു. ഇളവ് പിന്‍വലിക്കാന്‍ വ്യവസായികളുമായി സംസാരിക്കാന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാനം ,ടെയിന്‍, ബസ് എന്നിവയെല്ലാം പൂര്‍ണ്ണതോതില്‍ ഓടുന്നുണ്ടെങ്കില്‍ ഐടി, ബിടി തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു. ജോലികള്‍ സാധാരണ നിലയില്‍ പുനരാരംഭിക്കണം.ആവശ്യമായ മുന്‍കരുതലുകളെല്ലാം അവര്‍ സ്വീകരിക്കട്ടെ. മോഹന്‍ പറഞ്ഞു.
അതേസമയം എംപിയുടെ ആവശ്യത്തിനെതിരെ ഐടി മേഖലകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു. വര്‍ക്ക് ഫ്രം ഹോം പിന്‍വലിക്കണമെന്ന ആവശ്യം പരിഹാസ്യമാണെന്ന് മുതിര്‍ന്ന ഐടി ഉപദേഷ്ടാവ് ലക്ഷ്മി വിശ്വനാഥ് പ്രതികരിച്ചു. കോവിഡ് സാഹചര്യത്തില്‍ ജൂണ്‍ അവസാനം വരെയെങ്കിലും ഭൂരിഭാഗം ഐടി കമ്പനികളും ജോലിക്കാര്‍ക്ക് വര്‍ക്ക്ഫ്രം ഹോം ഇളവ് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.